08 May Wednesday
വിൽപ്പന ആശങ്കയിൽ

മറയൂരില്‍ കാട്ടുപടവലത്തിന്റെ
വിളവെടുപ്പ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
മറയൂർ
മറയൂർ, കാന്തല്ലൂർ മേഖലകളിലെ ആദിവാസി കോളനികളിൽ കാട്ടുപടവലത്തിന്റെ വിളവെടുപ്പ് ആരംഭിച്ചു. മേഖലയിലെ ഏറ്റവും ലാഭകരമായ കൃഷികളിൽ ഒന്നായ കാട്ടുപടവലത്തിന്റെ വിൽപ്പന കടുത്ത ആശങ്കയിലാണ്. മറയൂർ ഡിവിഷനിലെ വനസംരക്ഷണ സമിതിയിൽ ഇത്തവണ ആവശ്യക്കാരായി എത്തിയിയിട്ടുള്ളത് കോട്ടയ്‌ക്കൽ ആര്യവൈദ്യശാല മാത്രമാണ്. അഞ്ച്‌ ടൺ കാട്ടുപടവലത്തിനാണ് ആര്യവൈദ്യശാല ഓഡർ നൽകിയിരിക്കുന്നത്.
    കാട്ടുപടവലത്തിന്റെ വിൽപ്പന വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനസംരക്ഷണ സമിതി മുഖേനയായതിനു ശേഷം മികച്ച വില കർഷകർക്ക് ലഭിച്ചിരുന്നു. 50–-60 രൂപ വിലയുണ്ടായിരുന്ന കാട്ടുപടവലത്തിന് 120 മുതൽ 227 രൂപ വരെ ഉയർന്നു. എന്നാൽ, കോവിഡിനെത്തുടർന്ന്‌ ആയുർവേദ മരുന്നുനിർമാണ കമ്പനികളുടെ പ്രവർത്തനം നിലച്ചതും ഉൽപ്പാദനം കുറഞ്ഞതും കാട്ടുപടവലത്തിന്റെ ആവശ്യക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നു. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത്‌ കമ്പനികൾ വാങ്ങിയ കാട്ടുപടവലം സംഭരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. വനംവകുപ്പുമായി കരാറിൽ ഏർപ്പെട്ടിരുന്ന കമ്പനികൾ കഴിഞ്ഞ വർഷംതന്നെ ഇത്തവണ വാങ്ങാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് മറയൂർ ഡിവിഷനിലെ ആദിവാസി കോളനികളിൽ കർഷകർക്ക് മുൻകൂട്ടി നിർദേശം നൽകിയെങ്കിലും കൃഷിയിൽ കുറവുവരുത്തിയിരുന്നില്ല. നല്ല മഴ ലഭിച്ചതോടെ ഉൽപ്പാദനത്തിലും വർധനയുണ്ടായി. കാട്ടുപടവലത്തിന് കീടബാധയും വന്യമൃഗശല്യവും നേരിടേണ്ടി വരാത്തതിനാലാണ് മറ്റ് കൃഷിയിലേക്ക് തിരിയാത്തതെന്ന് കർഷകർ പറയുന്നു. വിളവെടുത്ത കാട്ടുപടവലത്തിന് ചെറിയ തോതിൽ ആവശ്യക്കാർ എത്തിയതിനാൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. കിലോഗ്രാമിന് 195 രൂപയാണ്‌ ലഭിക്കുന്നത്‌. 
കാട്ടുപടവം സമൂല ഔഷധം
ആയുർവേദ  മരുന്ന് നിർമാണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഔഷധസസ്യമാണ് കാട്ടുപടവലം. പച്ചക്കറിയായി ഉപയോഗിക്കുന്ന പടവലത്തിൽനിന്ന്‌ വിദൂര സാദൃശ്യംപോലും ഈ പടവലത്തിന് ഇല്ല. കോവയ്‌ക്കയ്‌ക്ക്‌ സമാനമായ ആകൃതിയാണ് കാട്ടുപടവലങ്ങയ്‌ക്കുള്ളത്. വേരുൾപ്പെടെ ഇലയ്‌ക്കും തണ്ടിനും എല്ലാത്തിനും വില ലഭിക്കുമെന്നതാണ് കാട്ടുപടവലത്തിന്റെ പ്രത്യേകത. നിരവധി രോഗങ്ങൾക്കുള്ള ഔഷധമായാണ് അഷ്ടാംഗഹൃദയത്തിൽ കയ്‌പ്പൻ പടവലത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top