26 April Friday

പ്രവേശനം കളറാക്കി ‘ആപ്പ്‌’

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 കരിമണ്ണൂർ

കാളിയാർ സെന്റ്‌ മേരീസ് ഹയർ‍സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ പ്രവേശനം നേടിയ കുട്ടികൾക്ക‌് ലഭിച്ചത്‌ സ്‌കൂൾ അഡ്‌മിഷനൊപ്പം മൊബൈൽ ഫോണിൽ പുതിയൊരു ആപ്പും. സ്കൂളിലെ കംപ്യൂട്ടർ അധ്യാപകൻ ഡോ. സാജൻ മാത്യുവും കണ്ണൂർ ജില്ലയിലെ മാളൂർ സർക്കാർ എച്ച‌്എസ‌്എസിലെ കംപ്യൂട്ടർ അധ്യാപകനും പ്രിൻസിപ്പലുമായ സുനിൽ കാര്യാടനും ചേർന്ന്  വികസിപ്പിച്ചതാണ്‌ ‘സ‌്കൂൾ എംഎസ‌്’ എന്ന ഓൺലൈൻ സോഫ്റ്റുവെയറും ആപ്പും.   
പത്തുവർഷമായി ഹയർസെക്കൻഡറി പൊതുപരീക്ഷകൾക്കും മൂല്യനിർണയ ക്യാമ്പുകൾക്കും ഇവർ വികസിപ്പിച്ച ‘എച്ച്‌എസ്‌ഇ മാനേജർ’, ‘സിവി ക്യാമ്പ‌് മാനേജർ’ എന്നീ സോഫ്റ്റുവെയറുകളാണ് എല്ലാ സ്കൂളിലും സർക്കാർ ഉപയോഗിച്ചിരുന്നത്. കൂടാതെ, ഇവർ വികസിപ്പിച്ച മറ്റ് സോഫ്റ്റുവെയറുകൾ പല സ്കൂളുകളിലും ഉപയോഗിക്കുന്നുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചാണ് ഇപ്പോൾ ‘സ‌്കൂൾ എംഎസ‌്’ എന്ന ഓൺലൈൻ സോഫ്റ്റുവെയറും ആപ്പും വികസിപ്പിച്ചത്. 
കുട്ടികൾക്കും സ്കൂളുകൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ ആപ്പ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പ്രവേശനവിവരം, ഹാജർ, പരീക്ഷ നടത്തിപ്പ്, നിരീക്ഷണം, നിരന്തര മൂല്യനിർണയം, ഓൺലൈൻ പരീക്ഷ, ടൈംടേബിൾ എന്നിവ ക്രമീകരിക്കാനും വിവരങ്ങൾ അപ്പപ്പോൾ രക്ഷിതാക്കളെ അറിയിക്കാനും ഈ സംവിധാനത്തിനാകും. അതുകൊണ്ട‌് കുട്ടികളുമായും  രക്ഷിതാക്കളുമായും അധ്യാപകർ നിരന്തര ബന്ധത്തിലായിരിക്കും. കുട്ടികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ എപ്പോഴും വിരൽത്തുമ്പിലുള്ളതുകൊണ്ട് കൊറോണക്കാലത്തും അവരുമായി സംവദിക്കാൻ അധ്യാപകർക്ക‌് കഴിയുന്നുണ്ട‌്. സ്കൂൾ മാനേജർ ഫാ. ജോൺ ആനിക്കോട്ടിൽ, പ്രിൻസിപ്പൽ ബിജു ജോസഫ്, പ്രഥമാധ്യാപിക സിനിമോൾ ജോസ്, പിടിഎ പ്രസിഡന്റ്‌ കെ യു സുദർശനൻ എന്നിവർ പുതിയ കണ്ടുപിടിത്തത്തിന് ഇരുവരെയും അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top