27 April Saturday
ഓണം വാരാഘോഷം സെപ്തംബർ 6 മുതൽ

ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
 
ഇടുക്കി
ജില്ലാ രൂപീകരണത്തിന്റെ സുവർണ ജൂബിലി വർഷം കൂടിയായ ഇത്തവണ ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. സെപ്‌തംബർ ആറു മുതൽ 12 വരെ നടത്താൻ ജില്ലാ കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ തീരുമാനിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് മുൻവർഷങ്ങളിൽ നടക്കാതിരുന്ന ഓണാഘോഷം  പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉത്സവാഘോഷമാക്കി മാറ്റാനാണ് തീരുമാനം. ഓണം വാരാഘോഷത്തിനായി  സർക്കാൻ എട്ട് ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചതായി കലക്ടർ അറിയിച്ചു. 
 ജില്ലാതല ഉദ്ഘാടനം സെപ്തംബർ ആറിന് ചെറുതോണിയിൽ നടക്കും.  പതാക ഉയർത്തൽ,  ഘോഷയാത്ര, നിശ്ചലദൃശ്യങ്ങൾ, സെമിനാർ, കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. തിരുവോണം ചതയം ദിനങ്ങൾ ഒഴികെ തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കും. ഇതിന്റെ മുന്നൊരുക്കങ്ങൾക്കും സംഘാടനത്തിനുമായി മണ്ഡലങ്ങളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിക്കും. ആഘോഷപരിപാടികളുടെ വിശദാംശങ്ങളും പരിപാടികളുടെ വേദിയും നിയോജകമണ്ഡല തല സംഘാടക സമിതി ചേർന്ന് തീരുമാനിക്കും. 
   19 ന് രാവിലെ തൊടുപുഴ, വൈകിട്ട് നാലിന് ചെറുതോണി, 20ന് ഉടുമ്പൻചോല, പീരുമേട് മണ്ഡലങ്ങളിലും സംഘാടക സമിതികൾ ചേരും. ജില്ലാ തല ഉദ്ഘാടന പരിപാടിക്കായി മൂന്ന് ലക്ഷവും മണ്ഡലങ്ങളിലെ പരിപാടികൾക്ക് ഒരു ലക്ഷം വീതവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസലിന് ഓണം വാരാഘോഷ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷവും അനുവദിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
   യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, എം  എം  മണി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്,  പഞ്ചായത്ത് അംഗങ്ങളായ ടി നൗഷാദ്, നിമ്മി ജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി അസോസിയേഷൻ പ്രതിനിധികൾ, ഡിടിപിസി അടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top