26 April Friday
കാട്ടാനകളുടെ 
ശല്യം നേരിടാന്‍

വയനാട്ടില്‍നിന്ന് 
പ്രത്യേക സംഘമെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കലക്‍ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോ​ഗം

 ഇടുക്കി 

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ‌കാട്ടാനകളുടെ ശല്യം നിയന്ത്രിക്കാൻ വയനാട്ടിൽനിന്ന് പ്രത്യേകസംഘം രണ്ടുദിവസത്തിനകം ജില്ലയിലെത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കലക്‍ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോ​ഗത്തിൽ സാരിക്കുകയായിരുന്നു മന്ത്രി.  
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുക. അക്രമകാരികളായ ആനകളെ നിരീക്ഷിച്ച് ആവശ്യമായ നടപടികളെടുക്കും. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വാച്ചര്‍ ശാന്തൻപാറ അയ്യപ്പൻകുടി സ്വദേശി ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോ​ഗസ്ഥര്‍ക്കെതിരെ പ്രത്യേക വിജിലൻസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കും. ശക്തിവേലിന്റെ അവിവാഹിതയായ മകൾക്ക് വനംവകുപ്പിൽ അനുയോജ്യമായ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് നടപടി യെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. ബുധനാഴ്‍ച ശാന്തൻപാറ പഞ്ചായത്തിൽ കലക്‍ടര്‍ യോ​ഗം വിളിക്കും.  
സുരക്ഷയൊരുക്കും
വന്യജീവി ആക്രമണം നേരിടുന്ന ജനവാസ മേഖലകൾക്ക് ചുറ്റും 21 കിലോമീറ്റർ സോളാർ ഫെൻസിങ്ങ് സ്ഥാപിക്കും. നിരീക്ഷണം ശക്തമാക്കാൻ ഇടുക്കി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും കാമറകളും സ്ഥാപിക്കും. വന്യജീവി ആക്രമണങ്ങളിൽനിന്ന് സുരക്ഷയൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും അവരുടെ പദ്ധതികളുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കണം. 
നിലവിലുള്ള റാപിഡ് റെസ്‌പോൺസ് ടീമിനെ കൂടാതെ താൽക്കാലികമായി അധികസംഘങ്ങളെ സജ്ജമാക്കും. ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക രണ്ടുശതമാനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അ​ഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു യോ​ഗം. 
എംഎൽഎ മാരായ എം എം മണി, വാഴൂർ സോമൻ, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കലക്ടർ ഷീബ ജോർജ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ്, ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, ഉഷാകുമാരി മോഹൻകുമാർ, വനംവകുപ്പ് നോഡൽ ഓഫീസർ ആര്‍ എസ് അരുൺ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കേരള കോണ്‍​ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ഡിസിസി പ്രസിഡന്റ് സി പി മാത്യു, പി രാജൻ, അനിൽ കൂവപ്ലാക്കൽ, എം എൽ ജയചന്ദ്രൻ, ആമ്പൽ ജോർജ്, എം ജെ ജേക്കബ്, കെ എൻ റോയി തുടങ്ങിയവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top