26 April Friday

ജില്ലാ സ്‌കൂള്‍ കലോത്സവം: മൂത്തകുന്നം വരവേറ്റു, കലയുടെ രാപകലുകളെ

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022

നാടൻപാട്ട് ഹൈസ്കൂൾ വിഭാഗം ഒന്നാംസ്ഥാനം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പുല്ലംകുളം നോർത്ത് പറവൂർ

മൂത്തകുന്നം
പരമ്പരാഗത വ്യവസായങ്ങളുടെയും ചരിത്രമുറങ്ങുന്ന മുസിരിസിന്റെയും പട്ടണത്തിന്റെയും സമീപഗ്രാമമായ മൂത്തകുന്നം കലയുടെ വിസ്‌മയനിമിഷങ്ങൾക്കായി മിഴിതുറന്നു. ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ്‌ ധന്യമായ മൂത്തകുന്നത്തെ പ്രധാന വിദ്യാലയമായ മൂത്തകുന്നം എസ്‌എൻഎം എച്ച്‌എസ്‌എസിൽ തിങ്കൾ രാവിലെ നാടൻപാട്ട്‌ മത്സരം ആരംഭിച്ചതോടെ 33–-ാമത്‌ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി.
ഇഞ്ചോടിഞ്ച് പോരാട്ടവുമായാണ്‌ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം കൊടിയിറങ്ങിയത്‌.
ആദ്യദിനം 53 മത്സരങ്ങൾ പൂർത്തിയായപ്പോൾ വിവിധ വിദ്യാഭ്യാസ ഉപജില്ലകൾ തമ്മിൽ കനത്ത പോരാട്ടം. തിങ്കൾ രാത്രി ഒമ്പതുവരെയുള്ള പോയിന്റുനിലപ്രകാരം 207 പോയിന്റോടെ വൈപ്പിൻ വിദ്യാഭ്യാസ ഉപജില്ലയാണ്‌ മുന്നിൽ. 192 പോയിന്റോടെ എറണാകുളം ഉപജില്ല രണ്ടാമതും 189 പോയിന്റോടെ നോർത്ത്‌ പറവൂർ മൂന്നാമതുമാണ്.
സ്കൂൾവിഭാഗത്തിൽ 66 പോയിന്റോടെ വൈപ്പിൻ എടവനക്കാട്​ ഹിദായത്തുൽ ഇസ്​ലാം എച്ച്​എസ്​എസ്​ ഒന്നാമതാണ്. 63​ പോയിന്റോടെ മൂവാറ്റുപുഴ സെന്റ്​ അഗസ്റ്റിൻസ്​ ഗേൾസ്​ എച്ച്​എസ്​എസ്​ രണ്ടാമതും 58 പോയിന്റോടെ കോലഞ്ചേരി മോറക്കാല സെന്റ് ​മേരീസ് എച്ച്​എസ്​എസ് ​മൂന്നാമതുമാണ്​. യുപി ജനറൽ ഉപജില്ലാ വിഭാഗത്തിൽ നോർത്ത് പറവൂരാണ്‌ മുന്നിൽ. എച്ച്എസ് ജനറൽ വിഭാഗത്തിൽ കോലഞ്ചേരി ഉപജില്ലയും എച്ച്എസ്എസ് ജനറലിൽ വൈപ്പിൻ ഉപജില്ലയുമാണ്‌ മുന്നിൽ. യുപി സംസ്‌കൃതവിഭാഗത്തിൽ മട്ടാഞ്ചേരി ഉപജില്ലയും ഹൈസ്‌കൂൾ സംസ്‌കൃതത്തിൽ തൃപ്പൂണിത്തുറയും യുപി അറബിക് വിഭാഗത്തിൽ പെരുമ്പാവൂരും എച്ച്എസ് അറബിക് വിഭാഗത്തിൽ കോതമംഗലവും മുന്നിൽനിൽക്കുന്നു.
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രാങ്കണമാണ്‌ പ്രധാനവേദി. 15 വേദികളിലായാണ്‌ മത്സരങ്ങൾ.
എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ കൊടിയുയർത്തിയതോടെയാണ് കലോത്സവത്തിന് ഔദ്യോഗിക തുടക്കമായത്. ചടങ്ങിൽ ഡോ. എസ് സന്തോഷ് കുമാർ, എസ് ജയദേവൻ, സിംന സന്തോഷ്, കെ എസ് സനീഷ്, രശ്മി അനിൽ കുമാർ, എ എസ് അനിൽ കുമാർ എന്നിവർ സംസാരിച്ചു. രചനാമത്സരങ്ങളും സംസ്‌കൃതം, തമിഴ്, കന്നട പ്രസംഗമത്സരങ്ങളും മോണോ ആക്ട്, നാടൻപാട്ട് എന്നീ മത്സരയിനങ്ങളുമാണ്‌ ആദ്യദിനം അരങ്ങേറിയത്.
 മുന്നൂറ്‌ ഇനങ്ങളിലായി എണ്ണായിരത്തിലേറെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള എസ്‌കോർട്ടിങ്‌ അധ്യാപകരുൾപ്പെടെ 11,114 പേർ പങ്കെടുക്കും. ചൊവ്വ രാവിലെ ഒമ്പതിന്‌ ഒന്നാംവേദിയായ മൂത്തകുന്നം ക്ഷേത്രമൈതാനത്ത്‌ നടക്കുന്ന ഉദ്ഘാടനസമ്മേളനം മന്ത്രി പി രാജീവ് നിർവഹിക്കും. വി ഡി സതീശൻ എംഎൽഎ അധ്യക്ഷനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top