27 April Saturday

ആകാശം അതിരാക്കി ഐടി കുതിപ്പ്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday May 26, 2022


കൊച്ചി
അംബരചുംബികളായ ഐടി കെട്ടിടങ്ങൾ ആറുവർഷംമുമ്പ്‌ ബംഗളൂരുവിലും മുംബൈയിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. തൃക്കാക്കരയുടെ മണ്ണിൽ തലയുയർത്തിനിൽക്കുന്ന ഐടി കെട്ടിടങ്ങൾ മുമ്പ്‌ സ്വപ്‌നമായിരുന്നെങ്കിൽ ഇന്ന്‌ യാഥാർഥ്യമാണ്‌. ഇൻഫോപാർക്കിലും സ്‌മാർട്ട്‌ സിറ്റിയിലുമായി നിരവധി പുതിയ ഐടി പാർക്കുകളും സമുച്ചയങ്ങളുമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉയർന്നുവന്നത്‌. മൾട്ടി ലെവൽ പാർക്കിങ്‌, ബാങ്ക്‌, എടിഎം, ഫുഡ്‌ കോർട്ട്‌, വിനോദസൗകര്യങ്ങൾ എന്നിവയെല്ലാം അടങ്ങുന്നതാണ്‌ ലോകോത്തര നിലവാരമുള്ള ഐടി പാർക്കുകൾ. അന്താരാഷ്‌ട്ര ഐടി കമ്പനികളുമായുള്ള സഹകരണമാണ്‌ ലക്ഷ്യമിടുന്നത്‌. ഇതുവഴി കൂടുതൽ അന്താരാഷ്‌ട്ര കമ്പനികളെ കൊച്ചിയിൽ എത്തിക്കാനാകും.

പിണറായി സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട്‌ ഐടി ഇടനാഴികളും കാക്കനാട്‌ ഇൻഫോപാർക്കുമായി ബന്ധിപ്പിച്ചാണ്‌. കൊച്ചി–-കൊരട്ടി, കൊച്ചി–-ചേർത്തല ഐടി ഇടനാഴികൾ ഇൻഫോപാർക്കിനോട്‌ ചേർന്നുള്ള ഐടി സംരംഭങ്ങൾ സ്ഥാപിക്കാനും വളരാനും അവസരമൊരുക്കും.

വരുന്നു, ദക്ഷിണേന്ത്യയിലെ 
ഉയരമുള്ള ഐടി ടവറുകൾ
ഇന്റഗ്രേറ്റഡ്‌ ടൗൺഷിപ്പോടെ 246 ഏക്കറിലാണ്‌ ‌സ്‌മാർട്ട്‌ സിറ്റി തലയുയർത്തിനിൽക്കുന്നത്‌. 564 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകൾ സ്‌മാർട്ട്‌ സിറ്റിയിലുണ്ട്‌. 1835 കോടി രൂപയുടെ പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്‌. 57 ലക്ഷം ചതുരശ്രയടിയാണ്‌ ഇവിടെ ഐടി ഓഫീസുകൾക്കായി ഒരുങ്ങുന്നത്‌.

പ്രസ്റ്റീജ് സൈബർ ഗ്രീൻ വൺ ഐടി പാർക്ക്‌ നിർമാണം 74 ശതമാനം പൂർത്തിയായി. 9.16 ലക്ഷം ചതുരശ്രയടി സ്ഥലമുള്ള ഐടി പാർക്ക്‌ ഈ വർഷം തുറക്കും. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണം 89 ശതമാനം പൂർത്തിയായി. 33 ലക്ഷം ചതുരശ്രയടിയിൽ ഒരുങ്ങുന്ന ടവറുകൾ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകളാണ്‌. 2023ൽ തുറന്നുകൊടുക്കും. മാറാട്ട്‌ ടെക് പാർക്ക്‌ അഞ്ചുലക്ഷം സ്‌ക്വയർഫീറ്റിൽ ഒരുങ്ങുന്നു. 38 ശതമാനം നിർമാണം പൂർത്തിയായി. 2023ൽ പ്രവർത്തനം ആരംഭിക്കും.

മാരി ആപ്‌സ്‌ ഹൗസ്‌ നിർമാണം 2020 ഡിസംബറിൽ പൂർത്തിയായി. 1.82 ലക്ഷം ചതുരശ്രയടിയാണ്‌ ഇവിടെയുള്ളത്‌. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന അന്താരാഷ്‌ട്ര പഠനസൗകര്യങ്ങളുള്ള ജെംസ്‌ മോഡേൺ അക്കാദമിയും സ്‌മാർട്ട്‌ സിറ്റിയിലുണ്ട്‌. 15,000 ചതുരശ്രയടിയുടെ വിശാലമായ ഫുഡ്‌ കോർട്ടും സ്‌മാർട്ട്‌ സിറ്റിയിലുണ്ട്‌.  

ലോകോത്തരം 
ഈ ഇൻഫോപാർക്ക്‌
എൽഡിഎഫ്‌ ഭരണകാലത്ത്‌ ഇൻഫോപാർക്കിന്റെ ഐടി സ്‌പേസ്‌ വിസ്‌തൃതി 60 ലക്ഷം ചതുരശ്രയടിയിൽനിന്ന് 92 ലക്ഷം ചതുരശ്രയടിയിലേക്കാണ്‌ വളർന്നത്‌. നിലവിൽ ഇൻഫോപാർക്കിന്‌ ഏകദേശം 92.62 ലക്ഷം ചതുരശ്രയടി സ്ഥലം വിവിധ ക്യാമ്പസുകളിലായി പ്രവർത്തനസജ്ജമാണ്‌. വൻ കമ്പനികളായ ഐബിഎം കൊഗ്നിസന്റ്, ടിസിഎസ്, വിപ്രോ, ഐബിഎസ്, ഇവൈ, കെപിഎംജി, ഇഎക്സ്എൽ, യുഎസ്ടി ഗ്ലോബൽ അടക്കം 412 കമ്പനികൾ പ്രവർത്തിക്കുന്നു.

ട്രാൻസ്‌ ഏഷ്യ ഐടി പാർക്ക്, ബ്രിഗേഡ്‌ വേൾഡ്‌ ട്രേഡ്‌ സെന്റർ, ലുലു ടെക്‌ പാർക്ക്‌ എന്നിവയുടെ നിർമാണം ഇൻഫോപാർക്കിൽ പൂർത്തിയായി. ഉപസംരംഭക പദ്ധതികളായ ഐബിഎസ് ഐടി ക്യാമ്പസ് (ആറുലക്ഷം ചതുരശ്രയടി) ആദ്യഘട്ടനിർമാണം പൂർത്തിയാകാറായി. ക്ലെയ്സിസ് ഐടി ക്യാമ്പസ് രണ്ടാംഘട്ടം (ഒരുലക്ഷം ചതുരശ്രയടി), കാസ്പിയൻ ടെക് പാർക്ക്  (4.5 ലക്ഷം ചതുരശ്രയടി) എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു.

ക്ലൗഡ്സ്കേപ് ഐടി പാർക്ക്‌ (62,000 ചതുരശ്രയടി) നിർമാണം പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു. 160 കോടി രൂപ മുതൽമുടക്കിൽ ജിയോ ഗ്രൂപ്പിന്റെ 12 നില ഐടി മന്ദിര നിർമാണത്തിനും തുടക്കംകുറിച്ചു. അഞ്ചുലക്ഷം ചതുരശ്രയടിയിൽ യുഎസ്‌ടി ഗ്ലോബലിന്റെ ഐടി സമുച്ചയത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കും.

ജ്യോതിർഗമയ ഐടി മന്ദിരം, ലുലു സൈബർ ടവർ ടൂ, ഐടി ബഹുനിലമന്ദിരം, ഐടി സ്പേസ് -ടവർ വൺ, ടവർ 2, ട്രാൻസ് ഏഷ്യ ഐടി ബിൽഡിങ്‌, ഫോർ പോയിന്റ്, ക്ലെയ്സിസ് ഐടി മന്ദിരം എന്നിവ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് പൂർത്തിയായവയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top