26 April Friday

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ : രണ്ടാംഘട്ട വികസനത്തിനെതിരെ പ്രതിഷേധസംഗമം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022


മട്ടാഞ്ചേരി
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനം നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കൊച്ചിൻ പോർട്ട് സംയുക്ത ട്രേഡ് യൂണിയൻ ഫോറത്തിന്റെ തീരുമാനം. പ്രക്ഷോഭത്തിനുമുന്നോടിയായി ഫോറം നേതൃത്വത്തിൽ തുറമുഖ ആസ്ഥാനത്ത് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.

ദുബായ് പോർട്ട് വേൾഡ് ഓപ്പറേറ്റ് ചെയ്യുന്ന വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്നർ ട്രാൻഷിപ്‌മെന്റ് ടെർമിനൽ നിലവിലുള്ള ലൈസൻസ് കരാർവ്യവസ്ഥകൾ അനുസരിച്ച്‌ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നില്ല. 2020-–-21ൽ 7.4 ലക്ഷം കണ്ടെയ്നറുകൾമാത്രമാണ് കൈകാര്യം ചെയ്‌തത്‌. കപ്പൽച്ചാൽ വർഷാവർഷം ഡ്രഡ്‌ജ്‌ ചെയ്യുന്നതിന്‌ 125 കോടി രൂപയ്‌ക്കുപുറമെ, കൂടുതൽ കപ്പലുകൾ കൊണ്ടുവരുന്നതിന് ഷിപ്പിങ്‌ കമ്പനികൾക്കുള്ള കൺസഷനും കൊച്ചി തുറമുഖമാണ് വഹിക്കേണ്ടത്. 2021 വരെ 10 വർഷത്തെ കണക്കെടുത്താൽ അന്താരാഷ്‌ട്ര കണ്ടെയ്നർ ടെർമിനലിൽനിന്ന് തുറമുഖത്തിന് ലഭിച്ച വരുമാനം 1289.47 കോടി രൂപയാണ്‌. ആവർത്തന ഡ്രഡ്‌ജിങ് ചെലവും കപ്പലുകൾക്ക് നൽകിയ കൺസഷനും ഉൾപ്പെടെ കൊച്ചി തുറമുഖം 1451.19 കോടി രൂപയാണ്‌ ചെലവഴിച്ചത്‌.

ഈ സാഹചര്യത്തിൽ രണ്ടാംഘട്ട വികസനത്തിന് അനുമതി നൽകിയാൽ കൊച്ചി തുറമുഖം വൻ സാമ്പത്തികപരാധീനതയിലാകും. ഈ സാഹചര്യത്തിൽ കൊച്ചി തുറമുഖത്തിന്റെ നിലനിൽപ്പിനായി അധികാരികൾ നടപടി സ്വീകരിക്കണമെന്ന്‌ പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. കൊച്ചിൻ പോർട്ട് സംയുക്ത ട്രേഡ് യൂണിയൻ ഫോറം ചെയർമാൻ മുഹമ്മദ് ഹനീഫ് അധ്യക്ഷനായി. ഫോറം ജനറൽ കൺവീനർ സി ഡി നന്ദകുമാർ, കെ എം റിയാദ്, എം ജമാൽ കുഞ്ഞ്, കെ എം റിയാസ്, വി പി താഹ, തോമസ് സെബാസ്റ്റ്യൻ, കെ കെ കുഞ്ഞപ്പൻ, വി കെ സുരേന്ദ്രൻ, പി ബി ശിവപ്രസാദ്, ജോസഫ് ജോസ്, പി സാംബശിവൻ, കെ എസ് രമേശ്, എ സി സോജൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top