26 April Friday

പുഞ്ചിരിപ്പൂക്കൾ തൂവി 
പൂമുഖങ്ങൾ...

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


തൃക്കാക്കര
കെട്ടിലും മട്ടിലും നഗരമാകുമ്പോഴും പൂമുഖങ്ങളിൽ പുഞ്ചിരിപ്പൂക്കൾ തൂവിനിൽക്കുകയാണ്‌ ചങ്ങമ്പുഴയുടെ ഈ ഗ്രാമവിശുദ്ധി. പൂക്കളും പഴങ്ങളുംമുതൽ പുസ്‌തകങ്ങൾവരെ സ്നേഹോപഹാരങ്ങളായ പര്യടനവഴിയിൽ ഇടപ്പള്ളി എതിരേറ്റത്‌ ഗണപതിക്ഷേത്രത്തിലെ നിവേദ്യമായ കൂട്ടപ്പവുമായി. ഡോ. ജോ ജോസഫിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നുതന്നെ ഒരാൾ ബുക്ക്‌ ചെയ്‌ത അപ്പം കഴിഞ്ഞദിവസമാണ്‌ കിട്ടിയത്‌. മണ്ഡലത്തിലെ വാഹനപര്യടനം ആൽത്തറയിൽ എത്തിയപ്പോൾ ഡോ. ജോ അത്‌ സ്വീകരിച്ചു. ഒപ്പം ഒരു മുണ്ടും. കായിക്കരയിൽ കിട്ടിയത്‌ വീരാളിപ്പട്ട്‌.

മലയാളത്തിന്റെ കാൽപ്പനിക കവികളായ ഇടപ്പള്ളി രാഘവൻപിള്ളയുടെയും ചങ്ങമ്പുഴയുടെയും ജന്മസ്ഥലം നാട്യങ്ങളേതുമില്ലാതെയാണ് ഡോ. ജോ ജോസഫിനെ എതിരേറ്റത്‌. സമീപത്തെ കാനയിൽനിന്ന്‌ വീട്ടിലേക്ക്‌ വെള്ളം കയറുന്ന വിവരം പറയാനാണ്‌ എൺപത്തിനാലുകാരി തോപ്പിൽ ത്രേസ്യ ജോസഫ്‌ കാത്തുനിന്നത്‌. അപകടത്തിൽ പരിക്കേറ്റ്‌ വർഷങ്ങളായി വീട്ടിൽ വിശ്രമിക്കുന്ന പുത്തൻപുരയിൽ ബാലകൃഷ്‌ണൻ ഡോ. ജോ ജോസഫ്‌ എത്തുന്നതറിഞ്ഞ്‌ വീടിനുമുന്നിൽ കസേരയിട്ട്‌ അരമണിക്കൂർമുമ്പേ ഇരിപ്പായി.  ‘കഴിഞ്ഞദിവസമാണ്‌ അപ്പുറത്ത്‌ ഡോക്ടറുടെ ഒരു പോസ്‌റ്റർ ആരോ മാറ്റിയത്‌. എനിക്ക്‌ ആവതുണ്ടായിരുന്നെങ്കിൽ ഞാൻ അന്വേഷിക്കുമായിരുന്നു’–- ബാലകൃഷ്‌ണൻ സങ്കടപ്പെട്ടു. പതിനൊന്നോടെ സ്ഥാനാർഥി എത്തി. ഹ്രസ്വമായ സംസാരത്തിനിടെ അടുത്ത സണ്ണി പാലസ്‌ ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ ജാലകവാതിലുകളിൽ ആളനക്കം. ഗേറ്റിനടുത്തേക്ക്‌ ചെന്നപ്പോൾ ഫ്ലാറ്റുകളിൽനിന്ന്‌ പ്രത്യഭിവാദ്യം.

താൻ ചികിത്സിക്കുന്ന പടിഞ്ഞാറെ പട്ടയംചേരിയിൽ അബ്ദുൾ ഖാദർ, കർത്താന്റെപറമ്പിൽ അബ്ബാസ്‌ എന്നിവരെ ബന്ധുക്കൾ ക്ഷണിച്ചപ്രകാരം വീട്ടിലെത്തി കണ്ടു. രോഗവിവരങ്ങൾ അന്വേഷിച്ചു. പര്യടനത്തിന്റെ ഇടവേളയിൽ ലിസി ആശുപത്രിയിൽ ഓടിയെത്തിയ ഡോക്ടർക്ക്‌ അവിടെ സഹപ്രവർത്തകരുടെ വിജയാശംസകൾ. റിനൈ മെഡിസിറ്റിയിലും എത്തി.

രാവിലെ ചങ്ങമ്പുഴ ക്രോസ്‌ റോഡിൽനിന്ന്‌ ആരംഭിച്ച പര്യടനം തൃക്കാക്കര വെസ്‌റ്റിലെ അവസാനകേന്ദ്രത്തിൽ എത്തുമ്പോഴും ആളാരവം തോർന്നില്ല. പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വൈകിട്ട്‌ ഉദ്‌ഘാടനം ചെയ്‌ത വെണ്ണല റാലിയും യോഗവും പ്രചാരണത്തിലെ എൽഡിഎഫ്‌ മേൽക്കൈ പ്രകടമാക്കുന്നതായി. ബുധനാഴ്‌ച മുഖ്യമന്ത്രി കടവന്ത്ര വിദ്യാനഗറിൽ റാലി ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top