26 April Friday

കെൻ സരോ വിവയുടെ സ്‌മരണകളെ ജ്വലിപ്പിച്ച്‌ മകൾ സിന സരോ വിവ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ബിനാലെയിൽ സിന സരോ വിവയുടെ കലാവിഷ്‌കാരം


കൊച്ചി
നൈജീരിയയിൽ 1995 നവംബർ 10ന് പട്ടാളഭരണകൂടം തൂക്കിലേറ്റിയ പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ കെൻ സരോ വിവയുടെ ഓർമകളിൽ ബിനാലെ അഞ്ചാംപതിപ്പിൽ മകൾ സിന സരോ വിവയുടെ കലാവിഷ്‌കാരം. ചൂഷിതരോടും പ്രകൃതിയോടും കാണിച്ച കൂറിന്റെ പേരിൽ രക്തസാക്ഷിയായ അച്ഛന്റെ ആദർശപാതയില്‍ത്തന്നെയാണ്‌ മകൾ. ഫോർട്ട്‌ കൊച്ചി ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ച സിനയുടെ ‘ഹോളി സ്റ്റാർ ബോയ്‌സ്’ എന്ന കലാവിഷ്‌കാരത്തിൽ അതു കാണാം.

ജന്മനാട്ടിൽ ഭൗമികമായി അന്യവൽക്കരിക്കപ്പെട്ടവരുടെ സങ്കരമാണ് ഹോളി സ്റ്റാർ ബോയ്‌സ് എന്ന്‌ -സിന കെൻ സരോ വിവ പറയുന്നു.
അഞ്ചു ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ഹോളി സ്റ്റാർ ബോയ്‌സ്. ന്യൂനപക്ഷ ഗോത്രവിഭാഗമായ ഒഗോണികൾ അധിവസിക്കുന്ന നൈജർ നദീതടത്തിലെ ജീവിതത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ ഭാവതലങ്ങൾ അത്‌ പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണവും പ്രകൃതിചൂഷണവും തകർത്ത പ്രദേശമാണ് നൈജർ നദീതടം. മാൻ തലയോട് സാമ്യമുള്ള മുഖംമൂടി ധരിച്ച രണ്ട്‌ ഒഗോണികളിലൂടെ സിന, നൈജർ നദീതടത്തിന്റെ അവസ്ഥ ചിത്രീകരിക്കുന്നു.

പരമ്പരാഗത സംസ്‌കാരത്തിലുണ്ടായ കലർപ്പ്‌, ഇരട്ടവ്യക്തിത്വം, അന്യവൽക്കരണം, പ്രാപഞ്ചിക ജീവശാസ്ത്ര തത്വങ്ങൾ എന്നിങ്ങനെയുള്ള ചിന്തകളിലൂടെ അവ ആസ്വാദകനെ നയിക്കുന്നു. ലൈറ്റ് ബോക്‌സിലെ സി -പ്രിന്റിലാണ്‌ ആവിഷ്‌കാരം. വീഡിയോ ഇൻസ്റ്റലേഷനുകൾ, ഡോക്യുമെന്ററികൾ, സംഗീതവീഡിയോകൾ, പരീക്ഷണചലച്ചിത്രങ്ങൾ എന്നിവയിലൂടെ പ്രശസ്‌തയാണ് സിന. ബിബിസിയിൽ മാധ്യമപ്രവർത്തകയായിരുന്ന ഈ നാൽപ്പത്തേഴുകാരി ബ്രൂക്ക്‌ലിൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top