26 April Friday

തൃക്കാക്കര നഗരസഭ : അഴിമതി ഫയലുകൾ മുക്കി ചെയർപേഴ്സൺ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022



കൊച്ചി
തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഫയലുകൾ കടത്തിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷ പ്രതിഷേധം. പി ടി തോമസ്‌ എംഎൽഎയുടെ മൃതദേഹം പൊതുദർശനത്തിനുവച്ചതുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിച്ചതിന്റെ വിവാദ ഫയലും കാർഗിൽ റോഡ്‌ കലുങ്ക്‌ നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട ഫയലുമാണ്‌ ചെയർപേഴ്‌സൺ ഓഫീസിൽനിന്ന്‌ കടത്തിയത്‌. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബുധനാഴ്ച ചെയർപേഴ്സന്റെ മുറിയിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.

ബുധനാഴ്ച ചേർന്ന ധനകാര്യ സ്ഥിരംസമിതി യോഗത്തിൽ രണ്ടു ഫയലുകളും കമ്മിറ്റിയിൽ വയ്ക്കണമെന്ന്‌ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ കൈവശം ഫയലില്ലെന്നും ചെയർപേഴ്സൺ അജിത തങ്കപ്പൻ വാങ്ങിയെന്നുമായിരുന്നു സെക്രട്ടറിയുടെ മറുപടി.

ഇതേത്തുടർന്ന്‌ ഫയൽ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. ഫയൽ ഹാജരാക്കാൻ അജിത തങ്കപ്പൻ തയ്യാറാകാതായതോടെ പ്രതിഷേധം ചെയർപേഴ്സന്റെ മുറിയിലേക്കു മാറ്റി. മുനിസിപ്പാലിറ്റിയിലെ ഫയലുകളുടെ സൂക്ഷിപ്പുചുമതല മുനിസിപ്പൽ സെക്രട്ടറിക്കാണെന്നിരിക്കെ അഴിമതി വിവരം പുറത്തുവരാതിരിക്കാനാണ്‌ ഈ രണ്ട്‌ ഫയലുകളും ചെയർപേഴ്സൺ കടത്തിയതെന്ന്‌ പാർലമെന്ററി പാർടി നേതാവ്‌ എം ചന്ദ്രബാബു ആരോപിച്ചു. എംഎൽഎയുടെ മൃതദേഹം പൊതുദർശനത്തിനുവച്ചതുമായി ബന്ധപ്പെട്ട്‌  നാലുലക്ഷം രൂപയുടെ അഴിമതി നടന്നതിനാലാണ്‌ വിജിലൻസിന്‌ പരാതി നൽകിയത്‌. ഇതുകൂടാതെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്‌ നിർമാണം പൂർത്തിയാക്കി ഫണ്ട്‌ അനുവദിച്ച കാർഗിൽ റോഡ്‌ കലുങ്ക്‌ പദ്ധതിക്കായി വീണ്ടും തുക അനുവദിക്കാൻ കഴിഞ്ഞ കൗൺസിലിൽ രഹസ്യനീക്കം നടന്നു. ഈ രണ്ട്‌ ഫയലുകളാണ്‌ കാണാതായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top