26 April Friday
എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കി

ഞാറക്കൽ എസ്ഐക്കെതിരെ 
എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


വൈപ്പിൻ
എസ്എഫ്ഐ ഏരിയ സെക്രട്ടറി എം എസ് എനോഷിനെ കള്ളക്കേസിൽ കുടുക്കി ജയിലി​​​​​ടച്ചതിനെതിരെ പ്രതിഷേധം. ഞാറക്കൽ പൊലീസ് എസ്ഐ മാഹിൻ സലിമിനെ സസ്‌പെൻഡ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും മാർച്ച് നടത്തി. കുഴുപ്പിള്ളിയിലെ മയക്കുമരുന്ന്‌ മാഫിയക്കും അക്രമകാരികൾക്കും എതിരെ എസ്എഫ്ഐ നിലപാടെടുത്തതിനെത്തുടർന്ന് എനോഷിനെതിരെ വധഭീഷണിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഫെയ്‌സ്ബുക്കിൽ എനോഷിന്റെ ഫോട്ടോസഹിതം പ്രദർശിപ്പിച്ചായിരുന്നു ഭീഷണി. ഇതേക്കുറിച്ച് ഞാറക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ല. ഇതിനുപിന്നാലെ മയക്കുമരുന്ന്‌ മാഫിയ കൂടുതൽ ശക്തമായി എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രംഗത്തുവന്നു.

തൈപ്പൂയദിവസം എളങ്കുന്നപ്പുഴയിലെത്തിയ മയക്കുമരുന്നുസംഘം എനോഷിനെ മർദിക്കാൻ പദ്ധതിയിടുകയും പിന്നീട് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. എന്നാൽ, അക്രമികൾക്കെതിരെ നിലപാടെടുക്കേണ്ട ഞാറക്കൽ എസ്ഐ, എനോഷിനെതിരെ കേസെടുത്തു. തിങ്കൾ പുലർച്ചെ എനോഷിനെ വീട്ടിൽനിന്ന്‌ പിടിച്ചിറക്കി കസ്റ്റഡിയിലെടുത്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. കോതമംഗലത്ത് എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ നടപടിക്ക്‌ വിധേയനായാണ്‌ മാഹിൻ സലിം ഞാറക്കൽ സ്റ്റേഷനിലെത്തിയത്‌. ഇവിടെയും എസ്എഫ്ഐക്കാരെ കള്ളക്കേസിൽ കുടുക്കുന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിക്കുന്നതെന്ന്‌ എസ്എഫ്ഐ ആരോപിച്ചു. ഞാറക്കലിൽ നടന്ന പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് എൻ എസ് സൂരജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ വി നിജിൽ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ഷിഹാബ് സൈമുദീൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ദിനേശൻ, എം പി പ്രശോഭ്, ലോക്കൽ കമ്മിറ്റി അംഗം പി ഡി ലൈജു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top