26 April Friday

മട്ടാഞ്ചേരിയുടെ ചുവപ്പണിഞ്ഞ്‌ 
ആദ്യ ജില്ലാസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

1971ലെ ജില്ലാസമ്മേളന പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന റാലി ( പത്രത്താളിൽനിന്ന് )

കൊച്ചി > രക്തസാക്ഷികളുടെ ചുടുചോരയിൽ കുതിർന്ന മട്ടാഞ്ചേരിയുടെ മണ്ണിലായിരുന്നു സിപിഐ എമ്മിന്റെ എട്ടാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള  എറണാകുളം ജില്ലാ സമ്മേളനം. എട്ടാം പാർടി കോൺഗ്രസിന്‌ വേദിയായത്‌ ഇപ്പോൾ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സ്ഥിതിചെയ്യുന്ന കലൂരിലെ  മൈതാനവും.

കമ്യൂണിസ്‌റ്റ്‌ പാർടിയിലെ പിളർപ്പിനുശേഷം കൊൽക്കത്തയിൽ ചേർന്ന സിപിഐ എമ്മിന്റെ ഏഴാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ നടന്നിട്ടില്ലെന്ന്‌ മുതിർന്ന നേതാവ്‌ കെ എൻ രവീന്ദ്രനാഥ്‌ ഓർക്കുന്നു. ഏഴാം കോൺഗ്രസിനുപിന്നാലെ ആദ്യ കേന്ദ്ര കമ്മിറ്റി യോഗം തൃശൂരിൽ ചേരാനാണ്‌ നിശ്‌ചയിച്ചത്‌. യോഗത്തിൽ പങ്കെടുക്കാൻ വരികയായിരുന്ന ജ്യോതിബസു ഉൾപ്പെടെ നേതാക്കളെ ചൈനീസ്‌ ചാരന്മാർ എന്നു മുദ്രകുത്തി അറസ്‌റ്റ്‌ ചെയ്‌തു. അതിന്റെ തുടർചലനങ്ങൾ എറണാകുളത്തുമുണ്ടായി. നേതാക്കളുടെ അറസ്‌റ്റുകൾ നടക്കുന്ന ദിവസം ചേന്ദമംഗലത്ത്‌ പാർടി അംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു രവീന്ദ്രനാഥ്‌. യോഗം തീർന്നപ്പോൾ രാത്രി വൈകി.

യാത്രാസൗകര്യമില്ലാത്തതിനാൽ രാത്രി ചേന്ദമംഗലത്തുതന്നെ കഴിച്ചുകൂട്ടി. പുലർച്ചെ ബസിൽ കയറി ഇടപ്പള്ളിയിൽ വന്നിറങ്ങി. വീട്ടിലേക്ക്‌ നടക്കുമ്പോൾ നാട്ടുകാർ പ്രത്യേകരീതിയിൽ തന്നെ ശ്രദ്ധിക്കുന്നത്‌ കണ്ടു. വീട്ടിലെത്തിയപ്പോഴാണ്‌ അറിഞ്ഞത്‌, തലേന്ന്‌ രാത്രി തന്നെ അന്വേഷിച്ചും വീട്ടിൽ പൊലീസ്‌ എത്തിയിരുന്നു എന്ന്‌. പിന്നെ പാർടി നിർദേശമനുസരിച്ച്‌ ഒളിവിൽപ്പോയി.

1953 സെപ്തംബര്‍ പതിനഞ്ചിനായിരുന്നു മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ഉജ്വല പ്രക്ഷോഭവും അതിനുനേരെ അധികാരികളുടെ വെടിവയ്‌പും. സഖാക്കള്‍ സെയ്തും സെയ്താലിയും ആന്റണിയും രക്തസാക്ഷികളായി. നൂറുകണക്കിന്‌ തൊഴിലാളികളെ പട്ടാളവും പൊലീസും ചവിട്ടിമെതിച്ചു. പോരാട്ടത്തിന്റെ കനലാറാത്ത മട്ടാഞ്ചേരിയിൽത്തന്നെയാകണം വിപ്ലവകരമായി പുനഃസംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ജില്ലയിലെ ആദ്യസമ്മേളനമെന്ന്‌ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

1968 നവംബർ 8,9,10 തീയതികളിലായിരുന്നു ജില്ലാ സമ്മേളനം. കെ ആർ ഗൗരിയമ്മ, എം കെ കൃഷ്‌ണൻ, ടി കെ രാമകൃഷ്‌ണൻ, പി ഗോവിന്ദപിള്ള തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. എം എം ലോറൻസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി ഗംഗാധരൻ, എൻ കെ മാധവൻ, എ പി വർക്കി, എ പി കുര്യൻ, കെ എൻ രവീന്ദ്രനാഥ്‌ എന്നിവർ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ. 

ഒമ്പതാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനം 1971 നവംബർ 18 മുതൽ 21 വരെ എറണാകുളത്ത്‌ നടന്നു. കച്ചേരിപ്പടിയിലെ മദ്രാസ്‌ കഫേ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം. ഇരുനൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു. എം എം ലോറൻസ്‌ വീണ്ടും സെക്രട്ടറിയായി. നിലവിലുണ്ടായിരുന്നവരെ കൂടാതെ വി ജി ഭാസ്‌കരൻനായരെയും സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി.    സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത വൻ റാലിക്കുശേഷം മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ പൊതുസമ്മേളനം. സീറോ ബാബുവിന്റെ ഗാനമേളയും തൃപ്പൂണിത്തുറ ജയഭാരത്‌ നൃത്തകലാലയത്തിന്റെ നൃത്തപരിപാടിയും അരങ്ങേറി.

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top