26 April Friday

നെട്ടൂരിൽനിന്ന്‌ നായക്കുട്ടിയെ 
മോഷ്ടിച്ചത്‌ കർണാടകക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


പള്ളുരുത്തി
അലങ്കാര വളർത്തുമൃഗങ്ങളെ വിൽക്കുന്ന നെട്ടൂരിലെ  ‘പെറ്റ്സ് ഹൈവ്’ കടയിൽനിന്ന് മുന്തിയ ഇനം നായക്കുട്ടിയെ മോഷ്ടിച്ച കേസിലെ പ്രതികളെ കർണാടകത്തിൽനിന്ന്‌ അറസ്റ്റ് ചെയ്തു. കർണാടകം കാവേരി സ്വദേശി നിഖിൽ (23), സുഹൃത്തായ ഷിമോഗ സ്വദേശി ശ്രേയ (23) എന്നിവരെയാണ് പനങ്ങാട് പൊലീസ് ഉടുപ്പി ജില്ലയിലെ കർക്കാലയിൽനിന്ന്‌ ബുധൻ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇരുവരും കർണാടകത്തിലെ സ്വകാര്യ എൻജിനിയറിങ്‌ കോളേജിലെ സിവിൽ എൻജിനിയറിങ്‌ വിദ്യാർഥികളാണ്. മോഷ്‌ടിച്ച നായക്കുട്ടിയെ ഇവർ താമസിച്ച മുറിയിൽനിന്ന്‌ കണ്ടെടുത്തു. കൂടുതൽ നായക്കുട്ടികളെ മുറിയിൽനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ കടയിൽ എത്തിയ നിഖിലും ശ്രേയയും ഷി റ്റ്‌സു ഇനത്തിൽപ്പെട്ട നായക്കുട്ടിയെ കൈയിലുണ്ടായിരുന്ന ഹെൽമെറ്റിനകത്ത് ഒളിപ്പിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇവർ സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ അറസ്‌റ്റ്‌.

യാത്രയ്‌ക്കിടെ മറ്റൊരു പെറ്റ്‌ ഷോപ്പിൽ കയറി ഫോൺ പേ വഴി പണം ഇടപാട്‌ നടത്തി നായക്കുള്ള തീറ്റ വാങ്ങി. ഇതിൽനിന്നാണ്‌ ശ്രേയയുടെ പേര്‌ ലഭിച്ചത്‌. തുടർന്ന്‌ ഇവർ സഞ്ചരിച്ച സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി. ഒടുവിൽ ഉടുപ്പിയിലെ കർക്കാലയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇരുവരെയും പൊലീസ്‌ പിടികൂടുകയായിരുന്നു. മുന്തിയ ഇനം നായക്കുട്ടികളെ വൻ വിലയ്ക്ക്‌ വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന്‌ പൊലീസ്‌ പറഞ്ഞു.

പനങ്ങാട് എസ്ഐ ജിൻസൺ ഡൊമിനിക്, എസ്ഐ ജി ഹരികുമാർ, സിപിഒ എസ് സുധീഷ്, എം മഹേഷ്, ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ബുധൻ വൈകിട്ടോടെ പ്രതികളുമായി പൊലീസ്‌ സംഘം കേരളത്തിലേക്ക് യാത്രതിരിച്ചു. വ്യാഴം പുലർച്ചയോടെ എത്തുമെന്നാണ്‌ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top