02 May Thursday
ചെട്ടികാട്‌ പറയും വിജയകഥ

വൻമതിലാണ്‌ മാസ്‌ക്‌

കെ എസ്‌ ലാലിച്ചൻUpdated: Friday Jul 31, 2020
മാരാരിക്കുളം
മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനത്തിൽ മാസ്‌ക്‌ ധരിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിനിടെ അമേരിക്കയിൽ രണ്ട് കോവിഡ് രോഗികൾ ജോലി ചെയ്‌തിരുന്ന  ഹെയർഡ്രെസിങ് സ്ഥാപനത്തെക്കുറിച്ച് പറയുകയുണ്ടായി. നൂറുകണക്കിനാളുകൾ സ്ഥാപനത്തിൽ വന്നുപോയ സ്ഥാപനത്തിൽ മാസ്‌ക്‌ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാൽ ഒരാൾക്കുപോലും രോഗം പകർന്നില്ലത്രേ. വലിയ അത്ഭുതത്തോടെയാണ് കേരളം മുഖ്യമന്ത്രി പറഞ്ഞ സംഭവകഥ കേട്ടിരുന്നത്.
 ആലപ്പുഴയിൽ ചെട്ടികാടെന്ന  തീരദേശഗ്രാമത്തിൽ ദിവസങ്ങൾക്കിപ്പുറം അതേക്കാൾ വലിയ  അത്ഭുതം ആവർത്തിക്കുകയാണ്‌. രണ്ടല്ല, കോവിഡ് പോസിറ്റീവായ നാലുപേർ ജോലിചെയ്‌ത ജനകീയ ലാബിൽ അവസാന രണ്ട് ആഴ്‌ചയിൽ വന്നവർ  രണ്ടായിരത്തിലേറെ പേരാണ്‌. പക്ഷേ,  ഒരാളിലേയ്‌ക്കും രോഗം പകർന്നില്ല. മാസ്‌ക്‌ സുരക്ഷാവലയമൊരുക്കിയ കഥയാണ്‌ ചെട്ടികാടിന്‌ പറയാനുള്ളത്‌.  
  സിപിഐ എം നേത‌ൃത്വത്തിലുള്ള സി ജി ഫ്രാൻസീസ് സ്‌മാരക ട്രസ്‌റ്റിന്റെ കീഴിലാണ് ജനകീയ ലാബ്. സ്‌നേഹജാലകം പാലിയേറ്റീവ് സമിതി ജനകീയമായി ഫണ്ട് സമാഹരിച്ച് 2014ൽ ആണ് ലാബ് ആരംഭിച്ചത്. 
 ജൂലൈ 16നാണ് ജനകീയ ലാബിലെ സ്‌റ്റാഫിന്‌ കോവിഡ് പോസിറ്റീവായത്. 
തുടർന്നുള്ള പരിശോധനയിൽ മൂന്ന് ജീവനക്കാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 ജീവനക്കാരിൽ ഒരേ ഷിഫ്റ്റിൽ ജോലി ചെയ്‌തിരുന്ന നാല്‌ പേർക്കായിരുന്നു രോഗബാധ. ജൂലൈ രണ്ടുമുതൽ 15 വരെ ലാബിൽ എത്തിയവരുടെ എണ്ണം 2123. വാർത്ത പുറത്തുവന്നതോടെ അക്ഷരാർഥത്തിൽ തീരഗ്രാമം വിറങ്ങലിച്ചു. 
   പരിശോധയ്‌ക്ക്‌ എത്തിയവരിൽ ഒരുശതമാനം പേരിലേക്ക്‌ രോഗം പകർന്നാൽപോലും കാര്യങ്ങൾ കൈവിട്ടുപോകും എന്ന സ്ഥിതി. ലാബിൽ എത്തിയ എല്ലാവർക്കും പരിശോധന നടത്തുന്നത്‌ പ്രയോഗികമായിരുന്നില്ല. രണ്ടാഴ്‌ചക്കിടെ ലാബിൽ എത്തിയ എല്ലാവരോടും കർശനമായ നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശിച്ചു. ലാബിൽ എത്തുന്നവരുടെ ഫോൺ നമ്പർ എഴുതിവച്ചിരുന്നത് സഹായകമായി. ഭൂരിപക്ഷം പേരും ആരോഗ്യവകുപ്പ് നിർദേശിച്ച പ്രകാരം നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായി. 
 29 വരെ വീടുകളിൽ കഴിയാനായിരുന്നു നിർദേശം. ജനകീയ ലാബിൽ പരിശോധിക്കാനെത്തിയ ഒരാളിലേയ്‌ക്കുപോലും രോഗം പകർന്നിട്ടില്ലെന്ന്‌ ചെട്ടികാട് ആശുപത്രിയിൽഅവലോകനയോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. രേഖ അറിയിച്ചതോടെയാണ്‌  എല്ലാവർക്കും ശ്വാസം നേരെവീണത്‌. 
 കോവിഡിന്റെ തുടക്കത്തിൽത്തന്നെ ജീവനക്കാരുടെ യോഗം ചേർന്നിരുന്നു.  യോഗത്തിൽ മാസ്‌ക്‌, സാനിറ്റൈസർ, സാമൂഹ്യ അകലം തുടങ്ങിയവ ക‌ൃത്യമായി പാലിക്കാൻ തീരുമാനമായി നിർദേശിച്ചിരുന്നു. സബ് കമ്മിറ്റി ഇടയ്‌ക്കിടെ ഇക്കാര്യം  പരിശോധിച്ച്‌ ചെറിയ പിഴവ്‌ കണ്ടാൽപോലും പരിഹരിച്ചു.  ജാഗ്രത മാത്രമാണ് വൻ പ്രതിസന്ധിയിൽ ലാബിന് തുണയായതെന്ന് സ്‌നേഹജാലകം പ്രസിഡന്റ്‌ ജയൻ തോമസ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top