26 April Friday
ആലപ്പുഴ കുടിവെള്ള പദ്ധതി

324 മീറ്റര്‍ പൈപ്പ് കൂടി മാറ്റും: മന്ത്രി റോഷി

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022
 
ആലപ്പുഴ 
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ പൈപ്പ്‌ പൊട്ടലിന്‌ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ. ജില്ലയിലെ കുടിവെള്ളപ്രശ്‌നങ്ങളും ജൽജീവൻ മിഷൻ പദ്ധതി പുരോഗതിയും വിലയിരുത്തുന്നതിന് കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം. 
 1524 മീറ്റർ പൈപ്പ് ലൈനാണ് മാറ്റേണ്ടത്‌. ഇതിൽ 1200 മീറ്റർ പൈപ്പ് മാറ്റൽ നടക്കുകയാണ്. ഇതുവരെ 1052 മീറ്റർ മാറ്റിസ്ഥാപിച്ചു. ബാക്കി  324 മീറ്റർ മാറ്റാനുള്ള തടസങ്ങൾ പരിഹരിച്ചു. 1200 മീറ്റർ മാറ്റിസ്ഥാപിച്ച പൈപ്പ് തന്നെ 324 മീറ്ററും  മാറ്റി സ്ഥാപിക്കുന്നതിന്‌ എസ്‌റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികളിലേക്ക് പോകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
 അടിയന്തരമായി 324 മീറ്റർകൂടി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതോടെ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. കരാറുകാരനുമായുള്ള തർക്കംമൂലം ഇത് അനന്തമായി നീട്ടാനാവില്ല. പ്രശ്നം പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രദ്ധ. പേർമ പൈപ്പ് ആണ് പൊട്ടുന്നത്. 324 മീറ്ററിന്റെ കാര്യത്തിൽ പുതിയ ടെൻഡർ ഓപ്പൺ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 
 എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച് സലാം, യു പ്രതിഭ, ദലീമ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, മന്ത്രി പി പ്രസാദിന്റെ പ്രതിനിധി, കലക്‌ടർ വി ആർ കൃഷ്‌ണതേജ, നഗരസഭാധ്യക്ഷ സൗമ്യരാജ്  എന്നിവർ യോഗത്തിൽ പങ്കെടുത്തു. 
കുടിവെള്ള പദ്ധതികൾക്ക്‌ 1419.56 കോടിയുടെ 
ഭരണാനുമതി
ജില്ലയിൽ ഇനിയും പദ്ധതി പൂർത്തീകരിക്കേണ്ട, നിർമാണം ആരംഭിച്ചിട്ടും തടസപ്പെട്ട്‌ നിൽക്കുന്ന പദ്ധതികളും യോഗം ചർച്ചചെയ്‌തു. 1419.56 കോടി രൂപ വിവിധ കുടിവെള്ള പദ്ധതികൾക്കായി ജില്ലയിൽ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ ഓരോ മണ്ഡലത്തിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ ഭരണാനുമതി നൽകിയിട്ടുണ്ടെങ്കിലും ഭൂമി ലഭിക്കുന്നത് സംബന്ധിച്ച് തടസങ്ങൾ, റെയിൽവേയുടെ ഭാഗത്തെ തടസങ്ങൾ, ഭൂമി കിട്ടുന്നത് സംബന്ധിച്ച് തടസങ്ങൾ എല്ലാം പരിഹരിച്ചുവരികയാണ്.
ഗ്രാമീണ മേഖലയിലും എസ്‌സി, എസ്ടി കുടുംബങ്ങൾക്കും മലയോര മേഖലകളിലും ജൽജീവൻ മിഷൻ പൂർത്തിയാകുന്നതോടെ ശുദ്ധജലം ലഭ്യമാകും.  
  ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങൾക്കായിരുന്നു വാട്ടർ അതോറിറ്റി കണക്ഷൻ ഉണ്ടായിരുന്നത്. ഒന്നരവർഷത്തിനകം 13 ലക്ഷം പുതിയ കണക്ഷനുകൾ നൽകി. ജില്ലയിൽ ഇതുവരെ 1.34 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ജൽജീവൻ പദ്ധതിവഴി നൽകിയിട്ടുണ്ട്. ഇനി 2.20 ലക്ഷം പേർക്കുകൂടി കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡിസംബർ 30നകം എല്ലാ മണ്ഡലത്തിലും ഒരു അവലോകനയോഗംകൂടി ചേരണം. കുട്ടനാടുപോലെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കും. 
  തുറവൂർ പഞ്ചായത്തിൽ പൂർണതോതിൽ വെള്ളം ലഭിക്കണമെങ്കിൽ ടാങ്കിന് വളമംഗലം ഭാഗത്ത് 30 സെന്റ് സ്ഥലം ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിൽ എത്രയും പെട്ടന്ന് പരിഹാരംകണ്ട് കുടിവെള്ളപ്രശ്‌നം പരിഹരിക്കാനും മന്ത്രി നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top