26 April Friday
3 പഞ്ചായത്തിലും ഭരണനഷ്‌ടം

തണ്ടൊടിഞ്ഞ്‌ താമര

സ്വന്തം ലേഖകൻUpdated: Wednesday Jun 29, 2022
ആലപ്പുഴ
ജില്ലയിൽ ബിജെപി പതനം പൂർണം. മൂന്ന്‌ പഞ്ചായത്തിലും ബിജെപി അധികാരത്തിന്‌ പുറത്ത്‌. മാന്നാറിലെ ചെന്നിത്തല–-തൃപ്പെരുന്തുറ, പാണ്ടനാട്‌, അരൂരിലെ കോടംതുരുത്ത്‌ പഞ്ചായത്തുകളിലാണ്‌ ബിജെപിക്ക്‌ അധികാരം നഷ്‌ടമായത്‌. പാണ്ടനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ വി നായരാണ്‌ ഏറ്റവും ഒടുവിലായി രാജിവച്ചത്‌. ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിന്റെ പഞ്ചായത്തായ പാണ്ടനാട്ട്‌, പ്രസിഡന്റ്‌ അംഗത്വം രാജിവച്ചതും മന്ത്രി സജി ചെറിയാന്‌ പരസ്യപിന്തുണയും നൽകിയതും സംഘപരിവാറിന്‌ കനത്ത തിരിച്ചടിയായി. വൈസ്‌പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ ഈ മാസം നാലിന്‌ അവിശ്വാസത്തിലൂടെ പുറത്തായിരുന്നു.  
അധികാരം കിട്ടിയ പഞ്ചായത്തുകളിൽ അത്‌ നിലനിർത്താനോ സംഘപരിവാറിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്‌ തടയാനോ ഒന്നും ചെയ്യാത്ത ജില്ലാ നേതൃത്വത്തിനെതിരെ സംഘപരിവാർ അണികൾക്കിടയിൽ വ്യാപകപ്രതിഷേധം ഉയർന്നിട്ടുണ്ട്‌. ഗ്രൂപ്പ്‌ പോരിൽ മനംമടുത്ത്‌ മുതുകുളത്ത്‌ ബിജെപി പഞ്ചായത്തംഗം രാജിവച്ച്‌ പൊതുപ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടും ജില്ലാ നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്‌. നാലാം വാർഡ്‌ അംഗം ജി എസ്‌ ബൈജു ആണ്‌ ഗ്രൂപ്പ്‌ പോരിൽ മനംമടുത്ത്‌ പഞ്ചായത്തംഗത്വം രാജിവച്ചത്‌.
പാണ്ടനാട്‌ പഞ്ചായത്ത്‌ ഭരണം ചൂണ്ടിക്കാട്ടിയാണ്‌ ജില്ലാ പ്രസിഡന്റ്‌ ഗോപകുമാർ മുൻ ജില്ലാ പ്രസിഡന്റ്‌ സോമന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ നിശബ്‌ദമാക്കിയിരുന്നത്‌. പാണ്ടനാട്‌ മുതുവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രത്തിലെ താഴികക്കുടം മോഷണ ആരോപണം ഉയർത്തിയാണ്‌ കെ സോമൻ വിഭാഗം ഇതിനെ പ്രതിരോധിക്കുന്നത്‌. 
പൊതുവെ സമാധാനാന്തരീക്ഷം നിലനിന്ന ജില്ലയെ സംഘർഷാവസ്ഥയിലാക്കിയത്‌ ഷാൻ വധമാണ്. നേതൃത്വത്തിന്റെ അറിവോടെയല്ലാതെ എസ്‌ഡിപിഐ നേതാവിനെ കൊലപ്പെടുത്താൻ കഴിയില്ല. അനാവശ്യ സംഘർഷം സൃഷ്‌ടിച്ചെന്ന ആരോപണത്തെ പ്രതിരോധിക്കാത്തതും മൂന്ന്‌ പഞ്ചായത്തിലും ഭരണം നഷ്‌ടമായതും ജില്ല നേതൃത്വത്തിന്റെ കഴിവുകേടാണെന്ന്‌ ആരോപണം ഉയർന്നു.
ഇരമല്ലിക്കര അയ്യപ്പകോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകരായ പെൺകുട്ടികളെ കോളേജിൽ കയറി ആക്രമിച്ച്‌ ഗുരുതര പരിക്കേൽപ്പിച്ച ബിജെപി മണ്ഡലം ഭാരവാഹി ഡെയ്‌ഞ്ചർ രാജീവടങ്ങുന്ന ക്രിമിനൽസംഘത്തെ പൊലീസ്‌ റിമാൻഡ്‌ ചെയ്‌തതും ചർച്ചയാണ്‌. നിയമനടപടിയിൽനിന്ന്‌ രക്ഷിക്കുമെന്ന ഉറപ്പിലാണ്‌ പെൺകുട്ടികളെ അടക്കം ആക്രമിച്ചതെന്നും എന്നാൽ പൊലീസ്‌ നടപടിയായപ്പോൾ നേതൃത്വം കൈമലർത്തിയെന്നുമാണ്‌ ആരോപണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top