27 April Saturday
വീരോചിതം അനഘാശയന്റെ സഹോദരൻ

വിപ്ലവമണ്ണിൽനിന്ന്‌ രാഘവനും വിടവാങ്ങി

വി ജി ഹരിശങ്കർUpdated: Tuesday Jun 28, 2022

കഴിഞ്ഞ വർഷം പുന്നപ്ര–-വയലാർ രക്തസാക്ഷി വാരാചരണ ചടങ്ങിന്‌ 
സമരസേനാനി രാഘവൻ പതാക കൈമാറുന്നു (ഫയൽ ചിത്രം)

വയലാർ
"കേവലം പതിമൂന്നു വയസുമാത്രമായ അനഘാശയന്റെ രക്തംവീണ്‌ തുടുത്ത മേനാശേരിയുടെ മണ്ണിൽ പോരാട്ടവീര്യത്തിന്റെ ആവേശം ജ്വലിച്ച്‌ നിൽക്കുന്നു'–- പുന്നപ്ര–-വയലാർ പോരാട്ടത്തിന്റെ വാർഷിക വാരാചരണവേളകളിൽ മുഴങ്ങിക്കേൾക്കുന്ന ചോര തുടിക്കും വാക്കുകളാണിവ. ആ അനഘാശയന്റെ പ്രിയസഹോദരൻ ചുള്ളിക്കത്തറ വീട്ടിൽ രാഘവനും വിട പറയുന്നതോടെ പുന്നപ്ര–- വയലാർ സമരചരിത്രത്തിലെ ഒരു കണ്ണികൂടി പോരാട്ടചരിത്രത്തിന്റെ ഭാഗമാകുന്നു. സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി  അനഘാശയന്റെ മൂത്തസഹോദരനാണ് രാഘവൻ.
സമരകാലത്ത് ജന്മിത്വം അഴിഞ്ഞാടിയ കടക്കരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിലെ അനവധി സഖാക്കൾ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു. പടിഞ്ഞാറെ കോനാട്ടുശേരിയിൽ നിന്ന് തന്റെ ബന്ധുക്കളോടൊപ്പമാണ് രാഘവനും അനഘാശയനും മേനാശേരി ക്യാമ്പിലേക്ക്‌ പുറപ്പെട്ടത്. ഭക്ഷണമടക്കം ക്യാമ്പിൽ ക്രമീകരിച്ചിരുന്നു. മേനാശേരിയിലെ വെടിവയ്‌പ്പിനു തൊട്ടുമുമ്പ്‌ അനുജൻ അനഘാശയൻ സമപ്രായക്കാരായ കുട്ടികളുമായി കൂട്ടുകൂടി നിൽക്കുന്നതാണ് അവസാനമായി കണ്ടതെന്ന്‌ രാഘവന്റെ വാക്കുകൾ. 
അപ്രതീക്ഷിതമായി പൊന്നാംവെളി തോടുവഴി വന്ന പട്ടാളത്തിന്റെ വെടിയൊച്ചയും മൺകൂന ചിതറിയെത്തിയ വെടിയുണ്ടകളുമാണ്  രാഘവൻ കണ്ടത്. തുടർന്ന് തൊട്ടടുത്ത അയ്യങ്കാട്ട്‌ വീട്ടിലെ നിലവറയിൽ കയറിക്കൂടി. ഒന്നര ദിവസക്കാലം വെള്ളം പോലും കുടിക്കാതെ ബോധാവസ്ഥയിൽ നിലവറയിൽ കഴിഞ്ഞ രാഘവൻ  ആരും കാണാതെ ഒരു വള്ളത്തിലാണ് വീട്ടിലെത്തിയത്. അതിനുശേഷമാണ് അനുജനും രണ്ട് അമ്മാവൻമാരും ചില ബന്ധുക്കളും വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top