26 April Friday
30ന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

അക്ഷരമുറ്റത്ത്‌ അഴകിൻ പുതുമന്ദിരം

സ്വന്തം ലേഖകൻUpdated: Saturday May 28, 2022

മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിലെ പുതിയ ബഹുനില മന്ദിരം

മാവേലിക്കര
എ ആർ രാജരാജവർമ സ്‌മാരക മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിൽ അഞ്ചു കോടി രൂപ ചെലവിൽ ബഹുനില മന്ദിരം ഉയർന്നു. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മാവേലിക്കരയുടെ വിദ്യാഭ്യാസ -സാംസ്‌കാരിക മണ്ഡലത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പാണ് സഫലമാകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആർ രാജേഷ് എംഎൽഎയും പിന്നീട്‌ എം എസ് അരുൺകുമാർ എംഎൽഎയും നടത്തിയ ഇടപെടൽ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കി.
പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ്‌ ആധുനിക സജീകരണങ്ങളോടെ പുതിയ മന്ദിരം നിർമിച്ചത്‌. മൂന്നുനിലകളിൽ 40 മുറികളുള്ള കെട്ടിടമാണ്‌ നിർമിച്ചത്‌. കിഫ്ബി വഴിയാണ്‌ ഫണ്ട്‌.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അടുക്കള, ഭക്ഷണമുറി, ബയോളജി ലാബ്, ഗൈഡ് റൂം, കംപ്യൂട്ടർ ലാബ്, മെഡിക്കൽ റൂം, ആറ്‌ ക്ലാസ് മുറികൾ എന്നിവയുണ്ട്‌. ഒന്നാം നിലയിൽ ഭാഷാ, ഗണിതശാസ്‌ത്ര, രസതന്ത്ര, കംപ്യൂട്ടർ ലാബുകളും 10 ക്ലാസ് മുറിയും. രണ്ടാം നിലയിൽ രണ്ട് ഓഫീസ് മുറി, ഭൗതിക ശാസ്‌ത്രം, കംപ്യൂട്ടർ ലാബുകളും 10 ക്ലാസ് മുറികളുമുണ്ട്‌. 27 ശൗചാലയങ്ങൾ ക്രമീകരിച്ചു. മുപ്പതിലധികം ഡിവിഷനുകളുള്ള സ്‌കൂളിൽ യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ 650 വിദ്യാർഥിനികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 440 വിദ്യാർഥിനികളും പഠിക്കുന്നു. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയ നേട്ടവും സ്വന്തമാക്കി. കൂടുതൽ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികളെ പരീക്ഷയ്‌ക്കിരുത്തുന്ന ജില്ലയിലെ സർക്കാർ സ്‌കൂൾ എന്ന ഖ്യാതിയും നേടിയിട്ടുണ്ട്. ജൂനിയർ റെഡ്‌ക്രോസ്, എസ്‌പിസി, ഗൈഡ്‌സ് എന്നിവയുടെ പ്രവർത്തനങ്ങളിലും മുന്നിലാണ്. 
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി 1896ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ സ്ഥാപിച്ചതാണ് സ്‌കൂൾ. 1946ൽ ഹൈസ്‌കൂളായും 1996ൽ ഹയർസെക്കൻഡറിയായും ഉയർത്തി. 
കേരള പാണിനി എ ആർ രാജരാജ വർമയുടെ ഓർമയ്‌ക്കായാണ് സ്‌കൂളിന്‌ ഈ പേരു നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top