27 April Saturday

വിസിൽ മുഴങ്ങി

എസ്‌ മനോജ്‌Updated: Saturday Feb 27, 2021
ആലപ്പുഴ 
നാട്‌ വീണ്ടും പോളിങ്‌ ബൂത്തിലേക്ക്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ കൂട്ടലും കിഴിക്കലുമായി രാഷ്‌ട്രീയകക്ഷികളും മുന്നണികളും സജീവമാകുന്നു. 
പുന്നപ്ര –-വയലാർ രക്തസാക്ഷികളുടെ നാട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം ചുവപ്പണിഞ്ഞത്‌‌ ചരിത്രം ആവർത്തിക്കാൻ വീണ്ടും അരയും തലയും മുറുക്കുകയാണ്‌.  
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പതിൽ എട്ടു മണ്ഡലങ്ങളിലും എൽഡിഎഫ്‌ വെന്നിക്കൊടി പാറിച്ചു. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്‌, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണ്‌ കഴിഞ്ഞതവണ എൽഡിഎഫ്‌ വിജയക്കൊടി പാറിച്ചത്‌. ഹരിപ്പാട്‌ മാത്രമാണ്‌ യുഡിഎഫിനെ തുണച്ചത്‌. 
2019ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടപ്പിൽ എൽഡിഎഫ്‌ വിജയം ആവർത്തിച്ചു. 
പിന്നീട്‌ അരൂർ അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി നേരിട്ടതോടെ എൽഡിഎഫ്‌ മണ്ഡലങ്ങൾ ഏഴായി കുറഞ്ഞു. 
യുഡിഎഫിന്‌ രണ്ടും. ഡിസംബറിൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഉജ്വലമായി തിരിച്ചുവന്നു.
 ഈ മികവ്‌ നിലനിർത്തി കൂടുതൽ നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ എൽഡിഎഫ്‌. മറുവശത്ത്‌, ജനങ്ങളിൽനിന്ന്‌ അനുദിനം ഒറ്റപ്പെടുന്ന അവസ്ഥയിലാണ്‌ യുഡിഎഫ്‌–-ബിജെപി മുന്നണികൾ. 
തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വലിയമുന്നേറ്റമുണ്ടായി.  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്‌ അടക്കം ഒമ്പതുമണ്ഡലങ്ങളിലും എൽഡിഎഫ്‌ മുന്നിലെത്തി. 
നഗരസഭയും 10 പഞ്ചായത്തും ഉൾപ്പെടുന്ന ഹരിപ്പാട്‌ എൽഡിഎഫ്‌ 60,106 വോട്ട്‌ നേടി. 
യുഡിഎഫിന്‌ 58,639 വോട്ടുമാത്രം. 1 ,467 വോട്ട്‌ എൽഡിഎഫിന്‌ അധികംകിട്ടി. 
എൻഡിഎക്ക്‌ 26,969. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ നേടിയ അരൂരിലും തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നിലാണ്‌. 
കള്ളപ്രചാരവേലയും അവിശുദ്ധകൂട്ടും തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ തുണച്ചില്ല. 
വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടും അവർക്ക്‌ നേട്ടമുണ്ടായില്ല. 
ബിജെപിയുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. വെറുപ്പിന്റെ രാഷ്‌ട്രീയം പറഞ്ഞും വർഗീയത ഇളക്കിയും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ബിജെപിയുംതദ്ദേശതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി. അതേസമയം, 
പിണറായി വിജയൻ സർക്കാരിന്റെ സമാനതകളില്ലാത്ത വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും തത്വാധിഷ്‌ഠിത നയങ്ങൾ മുറുകെ പിടിച്ചും വർഗീയവിരുദ്ധ മതനിരപേക്ഷ രാഷ്‌ട്രീയം മുന്നോട്ടുവച്ചുമാണ്‌ എൽഡിഎഫ്‌ വോട്ടർമാരിലേക്ക്‌ ഇറങ്ങുന്നത്‌. 
എൽഡിഎഫ്  സർക്കാരിന്റെ തുടർഭരണത്തിന്‌ ജനപിന്തുണ ഉറപ്പിക്കാനുള്ള രാഷ്‌ട്രീയപോരാട്ടത്തിന്റെ ഭൂമികയാകുകയാണ്‌ പുന്നപ്ര –-വയലാറിലൂടെ ചുവന്നുതുടുത്ത ആലപ്പുഴയുടെ മണ്ണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top