27 April Saturday

എൻടിപിസിയിൽ സൗരോർജ വൈദ്യുതോൽപ്പാദനം ഏപ്രിലിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
ഹരിപ്പാട് 
കായംകുളം താപനിലയത്തിൽനിന്ന് ആദ്യഘട്ട സൗരോർജ വൈദ്യുതോൽപ്പാദനം ഏപ്രിലിൽ ആരംഭിക്കും. 70 ഉം 22 ഉം അടക്കം 92 മെഗാവാട്ട് ലഭിക്കുന്ന രണ്ടു സൗരോർജ പദ്ധതികളുടെ നിർമാണമാണ്  പുരോഗമിക്കുന്നത്. 70 മെഗാവാട്ട് സോളാർ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ 2019 സെപ്‌തംബർ 24ന്‌ ആരംഭിച്ചിരുന്നു.
ടാറ്റാ കമ്പനിക്കാണ് ഇതിന്റെ ചുമതല. പഴയ കായൽ ഫാമിന്റെ തെക്കേ ബ്ലോക്കിലെ 310 ഏക്കർ സ്ഥലത്താണ് ഫ്ലോട്ടിങ്‌  സോളാർപാനലുകൾ സ്ഥാപിക്കുക.
ഏപ്രിൽ 23ഓടെ അഞ്ച്‌ മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കായംകുളം താപനിലയം ജനറൽ മാനേജർ ബി വി കൃഷ്ണ പറഞ്ഞു.
 നാഫ്താ ഉപയോഗിച്ചുള്ള വൈദ്യുത ഉൽപ്പാദനത്തിന് ചെലവ് കൂടുതലായതിനാൽ ഏറെക്കാലമായി എൻടിപിസിയിൽ വൈദ്യുതി ഉൽപ്പാദനം നടക്കുന്നില്ല.  
പുതുതായി ഉൽപ്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി യൂണിറ്റിന് മൂന്നുരൂപ 16 പൈസയ്‌ക്ക് 25 വർഷത്തേക്ക് കെഎസ്ഇബിക്ക് നൽകാൻ കരാറായി.

കേന്ദ്രീയ വിദ്യാലയത്തിന് ധനസഹായമില്ല

ഹരിപ്പാട്
കായംകുളം താപനിലയത്തിലെ കേന്ദ്രീയ വിദ്യാലയത്തിന് എൻടി പിസി നൽകിവരുന്ന സാമ്പത്തിക സഹായം അടുത്ത അധ്യയനവർഷത്തോടെ അവസാനിപ്പിക്കുമെന്നു അധികൃതർ അറിയിച്ചു.  നാലുകോടി രൂപയോളമാണ് എല്ലാ വർഷവും എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിനു നൽകുന്നത്. പ്ലാന്റ് നഷ്‌ടത്തിലായതിനാൽ ഈ തുക തുടർന്നു നൽകാനാവില്ലെന്നും ജനറൽ മാനേജർ പറഞ്ഞു. 
 എന്നാൽ സ്‌കൂളിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടം, വൈദ്യുതി, വെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടർന്നും നൽകാൻ എൻടിപിസി സന്നദ്ധമാണെന്നും അധികൃതർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top