02 May Thursday

ഭക്ഷ്യമന്ത്രി പാടശേഖരം സന്ദർശിച്ചു
നെല്ല് സംഭരണത്തിന് തടസമുണ്ടാകില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

ജില്ലയിലെ നെല്ല് സംഭരണ പുരോഗതി വിലയിരുത്തുവാൻ ഭക്ഷ്യമന്ത്രി 
ജി ആർ അനിൽ പാടശേഖരം സന്ദർശിച്ചപ്പോള്‍

സ്വന്തം ലേഖകൻ
അമ്പലപ്പുഴ
നെല്ല് സംഭരണത്തിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും  കർഷകർക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ കനകാശേരി മുന്നൂറാം പാടശേഖരം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 
  കർഷകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ നയം. 100 കിലോ നെല്ല് സംസ്‌കരണശേഷം 68 കിലോ തിരികെ നൽകുന്നതാണ് ഇന്ത്യയൊട്ടാകെയുള്ള രീതി. കോടതി ഉത്തരവും ഇതാണ്. എന്നാൽ പല മില്ലുകാരും 64 കിലോയേ നൽകൂ എന്നാണ് പറയുന്നത്. എന്നാൽ 11 മില്ലുകാർ സർക്കാരിനോട് സഹകരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ കൊയ്യുന്ന നെല്ല് സംഭരണത്തിന് യാതൊരു തടസവുമുണ്ടാകില്ല. 
  ഒരു കർഷകന്റെ നെല്ലും പാടത്തും വെള്ളത്തിലും കിടന്ന് നശിക്കുന്ന സാഹചര്യമുണ്ടാകില്ല. കഴിഞ്ഞവർഷത്തെ നെല്ല് സംഭരണത്തിന്റെ പണം നൽകാനുണ്ടായ കാലതാമസം ചില ബാങ്കുകളുടെ മെല്ലെപ്പോക്കാണ്. വായ്‌പ സ്വീകരിക്കാൻ തയ്യാറാകാത്ത കർഷകർക്ക് മാത്രമാണ് ഇനി പണം ലഭിക്കാനുള്ളത്. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആണ്. സഹകരണസംഘങ്ങൾ വഴി കർഷകർക്ക് പണം ലഭ്യമാക്കും. എന്നാൽ സംഘങ്ങൾക്ക് സംഭരണം ചെയ്യാനാകില്ല. നെല്ല് സംഭരണത്തിൽ 644 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകാനുള്ളത്. ഇതിന്റെയെല്ലാം കണക്ക് യഥാസമയം കൃത്യമായി കൊടുത്തിട്ടുള്ളതുമാണന്നും മന്ത്രി പറഞ്ഞു.
 എച്ച് സലാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ, ലോക്കൽ സെക്രട്ടറി പ്രേംചന്ദ്, മനുമോഹൻ, പ്രകാശ് ബാബു, അഖിൽ വിനായക്, പാഡി ഓഫീസർ ബെറ്റി വർഗീസ്, കൃഷി ഓഫീസർ ആർ ശ്രീരമ്യ, പാടശേഖരസമിതി സെക്രട്ടറി പ്രദീപ്  എന്നിവരും കർഷകരും മന്ത്രിക്കൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top