02 May Thursday

പുന്നപ്രയിൽ പുഷ്‌പാർച്ചന ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

പുന്നപ്ര വയലാർ വാർഷിക വരാചരണത്തിന്റെ ഭാഗമായി സമരഭൂമിയിൽ സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം 
മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
അമ്പലപ്പുഴ
പുന്നപ്ര –-വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച ധീരദേശാഭിമാനികളുടെ ചുടുനിണംവീണ് ചുവന്ന പുന്നപ്രയുടെ മണ്ണിൽ  ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തും. രാവിലെ 9.30ന് പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടകസമിതികളുടെ റാലി 11ന് പുന്നപ്ര സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്‌പാർച്ചന നടത്തും. ഇരു കമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പചക്രമർപ്പിക്കും. 
  അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ എം, സിപിഐ ജില്ലാ സെക്രട്ടറിമാരായ ആർ നാസർ, ടി ജെ ആഞ്ചലോസ് എന്നിവർ പ്രഭാഷണം നടത്തും. വഞ്ചിപ്പാട്ട്, ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ, പുന്നപ്ര ജ്യോതികുമാറിന്റെ പാട്ടും പറച്ചിലും ഗോപകുമാർ താഴമഠത്തിന്റെ ഒറ്റയാൾ നാടകം എന്നിവയുമുണ്ടാകും.  
  പകൽ മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌  സമരനായകൻ പി കെ ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് കൊളുത്തിനൽകുന്ന ദീപശിഖ അത്‌ലീറ്റ് എൻ ശിവകുമാർ ഏറ്റുവാങ്ങും. തുടർന്ന്‌ പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക്, പഞ്ചായത്തുകളിലൂടെ പ്രയാണം നടത്തി വൈകിട്ട് ആറിന് സമരഭൂമിയിൽ എത്തുമ്പോൾ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌,  ട്രില്ലിയിൽനിന്ന് ഏറ്റുവാങ്ങുന്ന ദീപശിഖ രക്തസാക്ഷിമണ്ഡപത്തിൽ സ്ഥാപിക്കും.
വൈകിട്ട് നാലിന് അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടകസമിതിയുടെ റാലി സമരഭൂമിയിലെ ബലികുടീരത്തിലെത്തിയും പുഷ്‌പാർച്ചന നടത്തും. വെെകിട്ട് ആറിന് പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ഇ കെ ജയൻ അധ്യക്ഷനാകും. ഇരുകമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളായ സി എസ് സുജാത, മന്ത്രി സജി ചെറിയാൻ, മുല്ലക്കര രത്നാകരൻ, ആർ നാസർ, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്, ജി സുധാകരൻ, എച്ച് സലാം, പി വി സത്യനേശൻ, ജി കൃഷ്‌ണപ്രസാദ്, അഡ്വ. വി മോഹൻദാസ് എന്നിവർ സംസാരിക്കും. രാത്രി എട്ടിന് കെപിഎസിയുടെ ‘മുടിയനായ പുത്രൻ’ നാടകം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top