26 April Friday
സുധാകരനെ വീണ്ടും പ്രസിഡന്റാക്കുന്നതിൽ അമർഷം

ജോഡോ യാത്രയിൽ 
നിസഹകരിച്ച്‌ എ ഗ്രൂപ്പ്‌

സ്വന്തം ലേഖകൻUpdated: Thursday Sep 22, 2022
ആലപ്പുഴ
കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരാൻ ഐ ഗ്രൂപ്പ്‌ ഒറ്റയ്‌ക്ക്‌ തീരുമാനിച്ചതിൽ എ ഗ്രൂപ്പിന്റെ പ്രതിഷേധം രാഹുൽഗാന്ധിയുടെ ജോഡോ യാത്രയിലും. ഐ ഗ്രൂപ്പിലെ കെ സി വേണുഗോപാലിന്റെയും രമേശ്‌ ചെന്നിത്തലയുടെയും തട്ടകമായ ആലപ്പുഴയിൽ നിസഹകരിച്ച്‌ എ ഗ്രൂപ്പ്‌ തിരിച്ചടിച്ചു.  നാലുദിവസം ആലപ്പുഴയിൽ പര്യടനം നടത്തിയ രാഹുലിന്റെ    യാത്രയിൽ പങ്കെടുത്തത്‌ രണ്ട്‌ എ ഗ്രൂപ്പ്‌ നേതാക്കൾ മാത്രം. ഉമ്മൻചാണ്ടി പേരിനൊന്ന്‌ വന്നുപോയി. യാത്രയുടെ മുൻനിരയിൽനിന്ന്‌ മാറിനിൽക്കുകയുംചെയ്‌തു.  
  യാത്ര ആലപ്പുഴയിൽ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌  സുധാകരനെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമയം ഐ വിഭാഗം പാസാക്കിയത്‌. കൂടിയാലോചന നടത്തുമെന്ന ധാരണ തെറ്റിച്ചതിൽ എ ഗ്രൂപ്പ്‌ അമർഷത്തിലാണ്‌. ഇതറിയിക്കാനാണ്‌ ഉമ്മൻചാണ്ടി കെപിസിസി ജനറൽ ബോഡിയിൽനിന്ന്‌ വിട്ടുനിന്നത്‌. യാത്ര  ആലപ്പുഴയിലെത്തുമ്പോൾ പ്രതിഷേധം കടുപ്പിക്കാനും എ ഗ്രൂപ്പ്‌ തീരുമാനിക്കുകയായിരുന്നു. നേതാക്കൾ  മുൻനിരയിൽനിന്ന്‌ മാറിനിന്നതോടെ യാത്രയുടെ ശോഭകെട്ടെന്ന്‌ എ ഗ്രൂപ്പുകാർ ചൂണ്ടിക്കാട്ടി.  
  ആലപ്പുഴയിലെ ആദ്യദിവസം എം എം ഹസൻ തലകാണിച്ചു മുങ്ങി. പിന്നെ വന്നത്‌ പി സി വിഷ്‌ണുനാഥ്‌. എന്നാൽ യാത്ര എറണാകുളത്തേക്ക്‌ കയറിയപ്പോൾ "എ' ക്കാരുടെ പടയായി. ഇതോടെ ആലപ്പുഴയിൽ അവരുടെ അസാന്നിധ്യം ചർച്ചയായി. എന്നാൽ, ആലപ്പുഴയിലെ സംഘാടനം മികച്ചതായെന്നാണ്‌ ഐ ഗ്രൂപ്പുകാർ പറയുന്നത്‌. മറ്റ്‌ ജില്ലകളിൽനിന്ന്‌ വന്നവരെയും ഏകോപിപ്പിക്കാനായി. 
  പോക്കറ്റടിയും കാറിൽ കൊച്ചുകുട്ടികളുമായെത്തിയ കുടുംബത്തെ ആക്രമിച്ചതുമൊക്കെ വൻ ചീത്തപ്പേരുണ്ടാക്കിയെന്ന്‌ എ ഗ്രൂപ്പ്‌ തിരിച്ചടിക്കുന്നു. ഹൗസ്‌ബോട്ട്‌ സവാരിയും വളളംകളിയും പ്രഹസനമായെന്നും അവർ പറയുന്നു. ബിജെപിക്കെതിരെയെന്ന്‌ പ്രഖ്യാപിച്ച യാത്ര ആലപ്പുഴയിൽ ഗൗരവംചോർത്തി  അപഹാസ്യമാക്കിയെന്നാണ്‌ എ വിഭാഗത്തിന്റെ കുറ്റപ്പെടുത്തൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top