26 April Friday

അമ്മക്കണ്ണീരിൽ മുങ്ങി ഓമനപ്പുഴ

സ്വന്തം ലേഖകൻUpdated: Wednesday Sep 22, 2021

അഭിജിത്തിന്റെയും അനഘയുടെയും മൃതദേഹത്തിന് സമീപം പൊട്ടിക്കരയുന്ന അച്ഛൻ നെപ്പോളിയനും അമ്മ മേരിഷെെനും സഹോദരൻ അജിത്തും

മാരാരിക്കുളം> കളിചിരികൾ മുഴങ്ങിയ വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ അഭിജിത്തും അനഘയും അടുത്തടുത്തു ചലനമറ്റുകിടന്നു... അച്ഛൻ നെപ്പോളിയന്റെയും  അമ്മ മേരിയുടെയും സഹോദരൻ അജിത്തിന്റെയും നിലവിളി  കണ്ടുനിന്നവരെ ഈറനണിയിച്ചു.  
 
വിദേശത്തെ ജോലിസ്ഥലത്തുനിന്ന്‌ എന്നും വീഡിയോ കോളിലൂടെ മക്കളുമായി സംസാരിച്ചിരുന്ന അമ്മ മേരി ഷൈൻ അവരുടെ പേരുവിളിച്ച്  അന്ത്യചുംബനമേകി. 
 
പൊഴിയിൽ മുങ്ങിമരിച്ച അഭിജിത്തിനും സഹോദരി അനഘയ്‌ക്കും ഓമനപ്പുഴ ഗ്രാമം വിടചൊല്ലി. കുവൈത്തിൽ നേഴ്‌സായ അമ്മ മേരിഷൈൻ ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ നെടുമ്പാശേരിയിൽ എത്തിയത്‌.  വീട്ടിലെത്തിയ മേരിയുടെ കണ്ണീർത്തിരയിൽ തീരഗ്രാമം മുങ്ങി.  സമാധാനിപ്പിക്കാനാകാതെ  ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. 
പൊന്നോമനകളെ താലോലിച്ച അമ്മക്കൈകൾ അവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ ഓമനപ്പുഴയുടെ തീരം വിതുമ്പി നിന്നു.  
 
  അർത്തുങ്കലിലെ  സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അപകടംനടന്ന്‌ അഞ്ചാം ദിവസമാണ്‌  സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചത്‌.
 
ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയൻ-–- മേരി ഷൈൻ ദമ്പതികളുടെ മക്കളായ അഭിജിത്(10 ), അനഘ(9) എന്നിവർ വെള്ളിയാഴ്‌ച വൈകിട്ടാണ്‌ കളിക്കുന്നതിനിടെ വീടിനു സമീപത്തെ പൊഴിയിൽ മുങ്ങിമരിച്ചത്‌.
 മരണവിവരം അമ്മയെ അറിയിച്ചെങ്കിലും ആദ്യം ജോലി ചെയ്‌ത സ്‌പോൺസറിൽനിന്ന്‌ പാസ്‌പോർട്ട് ഉൾപ്പെടെ രേഖകൾ ലഭിക്കാത്തതിനാൽ യാത്ര അനിശ്ചിതത്വത്തിലായി. 
 
ഒടുവിൽ തടസങ്ങൾ നീക്കി ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവായതോടെ  മേരി നാട്ടിലെത്തി. 
ഇരുവരും പഠിച്ച ചെട്ടികാട്  എസ്‌സിവിഎംയുപി സ്‌കൂളിലേക്ക്  ചൊവ്വാഴ്‌ച രാവിലെ ഏഴരയ്‌ക്ക്‌ മൃതദേഹങ്ങളെത്തിച്ചു.  കലങ്ങിയ കണ്ണുകളുമായി അധ്യാപകരും സഹപാഠികളും യാത്രാമൊഴിയേകിയത്‌  കണ്ടുനിന്നവർക്കും ഹൃദയഭേദകമായി. 
  എട്ടരയോടെ നാലു തൈക്കൽ വീട്ടിലേക്ക്. പതിനൊന്നോടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പള്ളിയിലേക്ക്‌ കൊണ്ടുപോയി.
 

അഭിജിത്തിനും അനഘയ്‌ക്കും അന്ത്യാഞ്ജലി

മാരാരിക്കുളം
ഓമനപ്പുഴ പൊഴിയിൽ മുങ്ങി മരിച്ച സഹോദരങ്ങളായ അഭിജിത്തിനും അനഘയ്‌ക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയുമെത്തി. 
എ  എം ആരിഫ് എം പി, പി പി ചിത്തരഞ്ജൻ എംഎൽഎ,  കലക്‌ടർ എ അലക്‌സാണ്ടർ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, സിപിഐ എം മാരാരിക്കുളം ഏരിയാ ആക്‌ടിങ് സെക്രട്ടറി കെ ആർ ഭഗീരഥൻ, പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത,  മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌  പി ഐ ഹാരിസ്, 
എസ്എൻഡിപി താലൂക്ക് യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ തുടങ്ങിയവരും വീട്ടിലെത്തി കുട്ടികൾക്ക്‌ അന്ത്യോപചാരമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top