26 April Friday
മലയാളിയുടെ കണ്ടെത്തലിന്‌ അന്തർദേശീയ പുരസ്‌കാരം

മൊബൈൽ ടവറും ഫോണും ഹാനികരം

സ്വന്തം ലേഖകൻUpdated: Friday Jan 22, 2021

ഡോ. പി ഡി പ്രേംലാലും ഡോ. എം വി എൽദോയും ഗവേഷണ പ്രബന്ധവുമായി എം ജി യൂണിവേഴ്സിറ്റിയിൽ

ചാരുംമൂട്
മൊബൈൽ ടവറും ഫോണും സൃഷ്‌ടിക്കുന്ന ശാരീരിക വൈഷമ്യങ്ങളും  പ്രതിവിധിയും കണ്ടെത്തിയ മലയാളിയുടെ ഗവേഷണ പഠനത്തിന്   അന്തർദേശീയ പുരസ്‌കാരം. ഇടുക്കി രാജകുമാരി എൻഎസ്എസ് കോളേജ് ഇലക്‌ട്രോണിക്‌സ്‌ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ കണ്ണനാകുഴി പ്രേംസരസിൽ പി ഡി പ്രേംലാലിനാണ് അംഗീകാരം. 
ഇന്റർനാഷണൽ കമീഷൻ ഓൺ നോൺ അയോണൈസിങ് റേഡിയേഷൻ പ്രൊട്ടക്‌ഷന്റേതുൾപ്പെടെ നാല്‌ പ്രധാന അവാർഡ്‌‌ ലഭിച്ചു.
വിയന്ന ആസ്ഥാനമായ സെൻട്രൽ യൂറോപ്യൻ സെന്റർ ഫോർ റിസർച്ച് ആൻഡ്‌ ഡോക്യുമെന്റേഷൻ, ഇന്റർ നാഷണൽ കമ്യൂണിറ്റി റിസേർച്ചർ, ഹൈദരാബാദ് ആസ്ഥാനമായ വി ഡി ഗുഡ് ഫൗണ്ടേഷൻ പത്താമത് ഇന്റർനാഷണൽ സയന്റിസ്‌റ്റ്‌ അവാർഡ് എന്നിവയാണ് പ്രേംലാൽ നേടിയത്. ഗവേഷണത്തിന് എം ജി യൂണിവേഴ്സിറ്റി ഡോക്‌ടറേറ്റ് നൽകി. 
മൊബൈൽ ഫോണിലെ തരംഗങ്ങൾ തുടർച്ചയായി പതിക്കുമ്പോൾ ശരീരത്തിന് ദോഷകരമാകുമെന്നാണ് പഠനം. മൈക്രോവേവ് തരംഗങ്ങളെ ജല തന്മാത്രകൾ ആഗിരണം ചെയ്യുകയും ജലം ചൂടാവുകയും ചെയ്യും. ഈ പ്രവർത്തന തത്വമാണ് മൈക്രോവേവ് ഓവനുകളിൽ ഉപയോഗിക്കുന്നത്.   ടവറിന്‌ സമീപം താമസിക്കുമ്പോൾ ഉന്നത തീവ്രതയിലുള്ള മൈക്രോവേവ് തരംഗങ്ങളെ ശരീരത്തിലെ ജലതന്മാത്രകൾ ആഗിരണം ചെയ്യുന്നുണ്ട്‌.
സന്ധികളിലെ ജലാംശം ഇല്ലാതായി അസ്ഥികൾ  സ്‌പർശിക്കുകയും  തേയ്‌മാനം ഉണ്ടാകുകയും ചെയ്യും. കണ്ണിൽ കെട്ടിക്കിടക്കുന്ന ദ്രവത്തെയും  റേഡിയേഷൻ ചൂടുപിടിപ്പിക്കുന്നു. ലെൻസിന്റെ സുതാര്യതയെ ബാധിച്ച്  നേത്ര വൈകല്യത്തിന്‌ ഇടയാക്കും. തലച്ചോറിലും പ്രശ്നങ്ങൾ സൃഷ്‌ടിക്കും. തലവേദന, ഉറക്കക്കുറവ്, ഓർമക്കുറവ് തുടങ്ങിയവയാണ് ഇതിന്റെ പാർശ്വഫലം. മൈക്രോവേവ് തരംഗം കുട്ടികളിലും സ്‌ത്രീകളിലുമാണ് ഏറെ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുന്നത്. ഗർഭിണികൾക്ക്‌ ഗുരുതരപ്രതിസന്ധിയുണ്ടാക്കും. വില കുറഞ്ഞ റൂഫിങ് ഷീറ്റുകളിൽ എർത്ത് ഘടിപ്പിച്ച് ഇതിനെ പ്രതിരോധിക്കാമെന്ന് പ്രബന്ധം കണ്ടെത്തിയിട്ടുണ്ട്‌. കേരളത്തിലെ വിവിധ ജില്ലകളിൽ തുടർച്ചയായി അഞ്ചു വർഷം സഞ്ചരിച്ചാണ് പ്രേംലാൽ  പഠനം പൂർത്തീകരിച്ചത്.  
നിർദ്ദേശങ്ങൾ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പരിഗണനക്ക്‌ സമർപ്പിച്ചു.  ഇടപ്പള്ളി സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ്‌ അപ്ലൈഡ് സയൻസിലെ ഡോ.എം വി എൽദോയുടെ കീഴിലാണ് പ്രേംലാൽ ഗവേഷണം നടത്തിയത്. സിപിഐ എം നേതാവും താമരക്കുളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ കെ ദിവാകരന്റെയും റിട്ട.അധ്യാപിക ഹൈമവതിയുടെയും മകനാണ് പ്രേംലാൽ. മൂന്നാർ ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകൻ പ്രേംജിത്ത് സഹോദരനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top