26 April Friday

സോജുമോന്റെ പൊലീസ്‌ ചിട്ടയ്‌ക്ക്‌ ഒരു ബിഗ്‌ സല്യൂട്ട്

കെ എസ് ലാലിച്ചൻUpdated: Sunday Nov 20, 2022

പൊലീസിലേക്കുള്ള കായികക്ഷമത പരീക്ഷ വിജയിച്ചവർ പരിശീലകൻ എൻ എസ് സോജുമോനും സംഘാടകർക്കുമൊപ്പം

 
മാരാരിക്കുളം
ഗുരുവായൂർ ടെംപിൾ പൊലീസ് സ്‌റ്റേഷനിലെ സിപിഒ ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ സ്വദേശി എൻ എസ് സോജുമോൻ നിസാരക്കാരനല്ല. ഇദ്ദേഹം സൗജന്യമായി പരിശീലിപ്പിച്ച അമ്പതോളംപേർ ഉടനെ പൊലീസ് യൂണിഫോം അണിയും. 
കുന്നംകുളം പഴഞ്ഞി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ പരിശീലനകേന്ദ്രത്തിൽനിന്ന്  പിഎസ് സിയുടെ കായികക്ഷമത പരീക്ഷ ഇവർ വിജയിച്ചു. 
  പുലർച്ചെ അഞ്ചിന് ഗ്രൗണ്ടിലെത്തി ഏഴുവരെ കായികപരിശീലനം നൽകി പിന്നീട് സ്‌റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരാകുന്ന സോജുമോനെ നാടറിഞ്ഞത് തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്ബുക്കിലൂടെ.  
രാവന്തിയോളം തൊഴിൽ ചെയ്‌തശേഷം കൂട്ടുകാരോടൊത്ത്‌ വായനശാലയിൽ ചെലവഴിച്ചാണ്‌ സോജുമോന് പൊലീസിൽ ജോലി ലഭിച്ചത്. സർക്കാർ ജോലി സ്വപ്‌നം കാണുന്നവരുടെ മനസ് വായിക്കാൻ സോജുമോന് കഴിയും.  പിഎസ്‌സി എഴുത്തുപരീക്ഷയ്‌ക്കായി  പരിശീലനവും  മറ്റു നിർദ്ദേശങ്ങളും ക്രമമായി പകർന്നുനൽകുന്നു. 
  അമ്പതോളം ചെറുപ്പക്കാർ വിവിധ റാങ്ക് ലിസ്‌റ്റുകളിൽ ഇടംനേടിയിട്ടുണ്ട്‌. പെൺകുട്ടികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചുപേർ ഇതിനോടകം ജോലിയിൽ പ്രവേശിച്ചു. ഇന്ത്യ റിസർവ്‌ ബറ്റാലിയൻ കമാന്റോ വിഭാഗത്തിലേക്ക് പതിനഞ്ചു പേരാണ് യോഗ്യതനേടിയത്.
  രണ്ടുവർഷമായി ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷനിലാണ്. മുമ്പ് കുന്നംകുളം സ്‌റ്റേഷനിൽ എസ് പി സി ഡ്രിൽ പരിശീലകനായിരുന്നു. പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും പെരുമ്പിലാവ് അൻസാർ സ്‌കൂളിലും എസ്‌പിസി  പരിശീലകനായിരുന്നു.  കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാല പ്രസിഡന്റും ഗ്രാമീണ ആർട്സ് ആൻഡ് സ്‌പോട്സ് ക്ലബ്ബ്‌ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
   പരിശീലനങ്ങളും ക്ലാസുകളും കൂടുതൽ ആർജ്ജവത്തോടെ തുടരുമെന്നും സോജുമോൻ പറയുന്നു. മണ്ണഞ്ചേരി 20–ാം വാർഡ് കാവുങ്കൽ തെക്കേ തറമൂടിന് സമീപം ആശാരിപറമ്പിൽ താമസം. ഭാര്യ: ആഷ. മക്കൾ: ശന്തനു, ശിവദ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top