26 April Friday
തോട്ടപ്പള്ളി തുറന്ന്‌ അധികജലം കടലിലേക്ക്‌

ഒഴുകിയകലുന്നു...

നന്ദു വിശ്വംഭരന്‍Updated: Monday Oct 18, 2021

തോട്ടപ്പളളി സ്‌പിൽവേ ഷട്ടർ വഴി നീരൊഴുക്ക്‌ ശക്തമായപ്പോൾ

ആലപ്പുഴ
പെരുമഴ കലിതുള്ളി പെയ്‍തിട്ടും കിഴക്കൻവെള്ളം ഇരച്ചെത്തിയിട്ടും  കുട്ടനാടും അപ്പർകുട്ടനാടും ഉൾപ്പെടെ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി അകലുന്നു. തോട്ടപ്പള്ളി പൊഴി ആഴവും വീതിയും കൂട്ടിയതും കനാലുകളിലെയും തോടുകളിലെയും ചെളികോരി ഒഴുക്ക്‌ സുഗമമാക്കിയതും ആശ്വാസമായി. കുറച്ചുപേരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്നതൊഴിച്ചാൽ ദിവസം മുഴുവൻ നിന്നുപെയ്‍ത മഴ ആലപ്പുഴയെ കാര്യമായി സ്‍പർശിച്ചിട്ടില്ല. കിഴക്കൻവെള്ളം അനിയന്ത്രിതമായി ഒഴുകിയെത്തിയാൽ മാത്രമാണ് ദുരിതത്തിന് സാധ്യത. 
   തോട്ടപ്പള്ളി ലീഡിങ് ചാനൽ തന്നെ പ്രധാനരക്ഷ. അച്ചൻകോവിൽ, പമ്പ, മണിമല  ആറുകളിലെ പരമാവധി വെള്ളം കടലിലേക്ക് ഒഴുകിപ്പോകാവുന്ന തരത്തിൽ പൊഴിക്ക് വീതികൂട്ടി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പൊഴി വീതിയും ആഴവും കൂട്ടാൻ തീരുമാനിച്ചത്. പ്രളയക്കെടുതിയിൽനിന്ന് കുട്ടനാട്ടിലെ ജനങ്ങളെയും കൃഷിയും രക്ഷിക്കുകയായിരുന്നു ലക്ഷ്യം. പൊഴി കൂടുതൽ ആഴത്തിലും വീതിയിലും മുറിച്ച് അധികജലം കടലിലേക്ക് ഒഴുക്കണമെന്ന വിദ​ഗ്ധസമിതിയുടെ റിപ്പോർട്ടും പരി​ഗണിച്ചു. 
 കെഎംഎംഎല്ലിന്റെ നേതൃത്വത്തിൽ പൊഴിമുഖത്തെ മണൽ 59 ദിവസംകൊണ്ട് നീക്കി. കാറ്റാടി മരങ്ങൾ നീക്കംചെയ്‌ത്‌ പൊഴിമുഖത്തെ വീതി 393 മീറ്ററാക്കി. ഈ ഭാഗത്തെ മണൽ മണ്ണുമ്പുറം കോളനിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന് മാറ്റി. കിഴക്കൻവെള്ളം കടലിലേക്ക് സുഗമായി ഒഴുക്കാൻ സ്‍പിൽവേയിലെ 40 ഷട്ടറുകളിൽ 35ഉം നിലവിൽ തുറന്നിട്ടുണ്ട്. വീയപുരം മുതൽ തോട്ടപ്പള്ളിവരെ ലീഡിങ് ചാനലിന്റെ സ്വാഭാവിക ചെരിവും നീരൊഴുക്കും നിലനിർത്തുന്ന  ആഴംകൂട്ടലിന്റെ ഫലവും പ്രകടം. 
 ‘കുട്ടനാടൻ തോടുകളിലെ ആഴംകൂട്ടിയതും കഴിഞ്ഞ കാലങ്ങളിലെ പ്രധാന പ്രവൃത്തിയാണ്. 
അഞ്ചുവർഷത്തിനിടെ 56 കിലോമീറ്ററാണ്  ആഴംകൂട്ടി വൃത്തിയാക്കിയത്. ദേശീയ ജലപാതയിലേക്ക് പ്രവേശിക്കുന്ന നെടുമുടി, പള്ളാത്തുരുത്തി, ചമ്പക്കുളം, കാവാലം, പുളിങ്കുന്ന് തുടങ്ങിയ ഫീഡർ കനാലുകളാണിവ’–- ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനു പറഞ്ഞു. ആറുകളിലെ വെള്ളം എളുപ്പത്തിൽ തോട്ടപ്പള്ളി സ്‍പിൽവേയിലേക്കും തണ്ണീർമുക്കത്തേക്കുമെത്താൻ ഇത് സഹായിച്ചു. 
ചെറുതോടുകൾ തദ്ദേശസ്ഥാപനങ്ങൾ വൃത്തിയാക്കി. സാധാരണ മഴകനത്താൽ പോലും വെള്ളം പൊങ്ങുന്ന ചേർത്തല പ്രദേശങ്ങളിലും ജലസേചനവകുപ്പ് കാര്യക്ഷമമായി ഇടപെട്ട് പദ്ധതികൾ നടപ്പാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top