26 April Friday

കലവൂർ എൻ ഗോപിനാഥ് സ്‌റ്റേഡിയം 19ന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

നിർമാണം പൂർത്തിയായ കലവൂർ ഗോപിനാഥ് മെമ്മോറിയൽ സ്‌റ്റേഡിയം

മാരാരിക്കുളം
വോളിബോൾ വിസ്‌മയം കലവൂർ എൻ ഗോപിനാഥിന്റെ ഓർമകളിരമ്പുന്ന സ്‌റ്റേഡിയം ഇനി നാടിന് അഭിമാനം. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പ്രീതികുളങ്ങരയിൽ കിഫ്ബിയിൽനിന്ന്‌ അനുവദിച്ച 5.5 കോടി മുടക്കി നിർമിച്ച അത്യാധുനിക സ്‌റ്റേഡിയം 19ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും. 
ജില്ലയിലെ ആദ്യത്തെ സിന്തറ്റിക്ക് ട്രാക്ക് കൂടിയാണിത്. ജിംനേഷ്യം, ബാസ്‌കറ്റ്ബോൾ കോർട്ട്, സെവൻസ് ഫുട്ബോൾ കോർട്ട്, നാല്‌ ലൈൻ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്‌റ്റേഡിയം എന്നിവ സജ്ജമായി. കിറ്റ്കോ മേൽനോട്ടത്തിലാണ് പ്രവൃത്തി. സ്‌റ്റേഡിയത്തോട്‌ ചേർന്ന് പ്രീതികുളങ്ങര ടാഗോർ മെമ്മോറിയൽ എൽപി സ്‌കൂളിനായി ആറു ക്ലാസ്‌മുറികളുള്ള ഇരുനില മന്ദിരം നേരത്തെ നിർമിച്ചു കൈമാറി.
ട്രാക്കിന്റെ കിഴക്ക് ഭാഗത്താണ് 7100 ചതുരശ്ര അടി വിസ്‌തീർണമുള്ള ഇൻഡോർ സ്‌റ്റേഡിയം. ഇവിടെ വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, ഷട്ടിൽ, ടെന്നീസ് എന്നിവയ്‌ക്കും സൗകര്യമുണ്ട്. ഫിറ്റ്നസ് സെന്ററിന്റെ നിർമാണം പൂർത്തിയായി. 
കായികതാരങ്ങൾക്കും നാട്ടുകാർക്കും വ്യായാമത്തിനും ജീവിതശൈലിരോഗങ്ങൾ തടയുന്നതിനും ജിംനേഷ്യം ഉപയോഗിക്കുവാനാകും. സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിന് ഗ്യാലറിയും ഫ്ലഡ്‌ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ടി എം തോമസ് ഐസക് മന്ത്രി ആയിരുന്നപ്പോൾ മുൻകൈ എടുത്താണ് സ്‌റ്റേഡിയത്തിന് ഫണ്ട്‌ അനുവദിച്ചത്. പി പി ചിത്തരഞ്ജൻ എംഎൽഎ ആയശേഷം നിർമാണപ്രവൃത്തികൾ വേഗത്തിലാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കി. 
വോളിബോളിൽ നിരവധി ദ്രോണാചാര്യൻമാരെയും അർജുന അവാർഡ് ജേതാക്കളെയും സൃഷ്‌ടിച്ച കലവൂർ എൻ ഗോപിനാഥിന് അർഹതയ്‌ക്ക്‌ അംഗീകാരമെന്ന നിലയിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top