09 May Thursday
വിദ്യാരംഭം നാളെ

കെടാവിളക്കായി നിലത്തെഴുത്ത്‌ കളരികൾ

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021

ചേർത്തല വേളോർവട്ടത്ത്‌ കെഎൻഎഎസ്‌ സംസ്ഥാന കമ്മിറ്റി ഓഫീസിലെ കളരിയിൽനിന്ന്‌

ചേർത്തല
മലയാള ഭാഷയുടെ ആദ്യപാഠങ്ങൾ ബാല്യങ്ങൾക്ക്‌ പകർന്ന്‌ നിലത്തെഴുത്ത്‌ കളരികൾ ആധുനീകതയിലും സജീവം. കാലത്തിനൊത്ത മാറ്റങ്ങളോടെ പ്രവർത്തിക്കുന്ന അക്ഷരക്കളരികൾ കുരുന്നുകളിൽ ജനിപ്പിക്കുന്ന ഭാഷാസ്‌നേഹം സാംസ്‌കാരിക തനിമയുടെ ഭാഗം. 
ഭാഷാപിതാവ്‌ തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛന്റെ പാതയിൽ അക്ഷരജ്ഞാനം തലമുറകൾക്ക്‌ പകരുന്ന കളരികളിലെ ആശാൻമാരുടെ ശിക്ഷണത്തിന്‌ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്‌. അക്ഷരജ്ഞാനം ആശാൻകളരികളിൽ നിന്നാകണമെന്ന വികാരമായിരുന്നു പഴയകാലത്തിന്റെ പ്രത്യേകത. എഴുത്തോലയും നാരായവും പോയകാലത്തിന്റെ ഓർമപ്പെടുത്തലും ശേഷിപ്പുമായി ഇന്നും അനേകം കളരികളിലുണ്ട്‌. 
ആശാൻമാരെയും കളരികളെയും ആരാധിച്ച തലമുറയുടെ പിൻമുറക്കാരും നാട്ടിൻപുറങ്ങളിൽ നിലത്തെഴുത്ത്‌ കളരികൾക്ക്‌ കാലത്തിന്റെ കുത്തൊഴുക്കിലും അസ്ഥിത്വമേകുന്നു. സംസ്ഥാനത്ത്‌ എണ്ണായിരത്തിലധികം നിലത്തെഴുത്ത്‌ കളരികൾ നിലവിലുണ്ട്‌. അക്ഷരക്കളരികളിലെ ഗുരുക്കളുടെ സംഘടന കേരള നിലത്തെഴുത്താശാൻ സംഘടന ഈ അനൗപചാരിക വിദ്യാലയങ്ങൾക്ക്‌ അംഗീകാരം നേടിക്കൊടുത്ത്‌ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. സർക്കാർ ഉത്തരവിലൂടെ കളരികൾക്ക്‌ മാസം 1000 രൂപ ഗ്രാന്റ്‌ തദ്ദേശസ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കി. കളരികൾ കെട്ടിമേയുന്നതിനും വാർഷിക പദ്ധതിയിൽപ്പെടുത്തി സഹായം ലഭ്യമായി. കൂടാതെ കുട്ടികൾക്ക്‌ പോഷകാഹാരവും കളിപ്പാട്ടവും മറ്റും ചില സ്ഥാപനങ്ങൾ നൽകുന്നു. മറ്റുചില സ്ഥാപനങ്ങൾ ഇപ്പോഴും കളരികളോട്‌ മുഖംതിരിക്കുന്നതായി ആശാൻമാർക്ക്‌ പരാതിയുണ്ട്‌. 
ചേർത്തല വേളോർവട്ടത്ത്‌ കേരള നിലത്തെഴുത്താശാൻ സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കളരിയുണ്ട്‌. സംഘടന ജനറൽ സെക്രട്ടറി എൻ ജി അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ്‌ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top