26 April Friday
കോടിയുടെ നഷ്‌ടം

മാന്നാറിൽ വസ്‌ത്ര വ്യാപാരശാലയിൽ വന്‍ തീപിടിത്തം

സ്വന്തം ലേഖകൻUpdated: Friday May 13, 2022

മാന്നാറിൽ തീപിടിത്തമുണ്ടായ വസ്‌ത്രശാലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്‌നിരക്ഷാസേനാംഗങ്ങൾ

 
മാന്നാർ
ടൗണിലെ വസ്‌ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം. കോടിയുടെ നാശനഷ്‌ടം. മുസ്ലിം പള്ളിക്ക് സമീപത്തെ മെട്രോ സിൽക്‌സിലാണ് വ്യാഴം പുലർച്ചെ 5.45ന്‌ തീപിടിത്തമുണ്ടായത്. രണ്ടാംനിലയിലാണ് ആദ്യം പുകയുയർന്നത്. തുടർന്ന് മൂന്നാം നിലയിലേക്കും സമീപത്തെ ഗോഡൗണിലേക്കും തീപകർന്നു.   
 കായംകുളം, തിരുവല്ല, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, ചെങ്ങന്നൂർ, തകഴി എന്നിവിടങ്ങളിൽനിന്ന് 15 അഗ്നിരക്ഷാ യൂണിറ്റുകൾ എത്തി  രണ്ടര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഒരുകോടി രൂപയിലധികം നാശനഷ്‌ടം കണക്കാക്കുന്നു. 
 സമീപകടകളിലെ വ്യാപാരികളും മുസ്ലിം പള്ളിയിൽ വന്നവരുമാണ് തീ ഉയർന്നത് ആദ്യം കണ്ടത്. ഉടൻ അഗ്നിരക്ഷാ യൂണിറ്റിനെ അറിയിച്ച് സഹായം തേടുകയായിരുന്നു. നാലാം നിലയിൽ സൂക്ഷിച്ചിരുന്ന വസ്‌ത്രങ്ങളും ഷീറ്റിട്ട മേൽക്കൂരയും പൂർണമായി കത്തിനശിച്ചു. പാവുക്കര കൊല്ലം താഴ്‌ചയിൽ സ്വദേശി സക്കീർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അഗ്നിക്കിരയായത്. കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ടൗണിലെ സൂപ്പർ മാർക്കറ്റ് അഗ്നിക്കിരയായത്‌.

അഗ്നിരക്ഷാ യൂണിറ്റ് വേണം

തീപിടിത്തം ഇവിടെ തുടർക്കഥ  

മാന്നാർ
അടിക്കടി ഉണ്ടാകുന്ന തീപിടിത്തം തടയാൻ മാന്നാറിൽ അഗ്നിരക്ഷാ യൂണിറ്റ് വേണമെന്നാവശ്യം ശക്തമായി. ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വ്യാഴം പുലർച്ചെ മെട്രോ സിൽക്ക്സ് വസ്‌ത്രശാലയിൽ തീപിടിച്ച് കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. വിവിധ ആരാധനാലയങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, സ്‌കൂൾ, -കോളേജുകൾ, സർക്കാർ– അർധസർക്കാർ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, പരമ്പരാഗത തൊഴിലിടങ്ങൾ, അലിന്റ് സ്വിച്ച് ഗിയർ ഫാക്‌ടറി, മിനി ഫാക്‌ടറി ഉൾപ്പെടെ അനവധിയാണ് മാന്നാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ അഗ്നിബാധ ഉണ്ടായാൽ വിവിധയിടങ്ങളിൽനിന്ന് 10 കിലോമീറ്റർ ദൂരപരിധിയിൽനിന്ന് മണിക്കൂറുകളെടുത്താണ്‌ അഗ്നിരക്ഷായൂണിറ്റുകൾ സ്ഥലത്തെത്തുക. അപ്പോഴെക്കും എല്ലാ അഗ്നിക്കിരയാകും. 
രണ്ടു മാസം മുമ്പാണ് ടൗണിലെ സൂപ്പർ മാർക്കറ്റ് കത്തിയമർന്നത്. നേരത്തെ രണ്ട് ജ്വല്ലറികൾ, അലിന്റ് സ്വിച്ച് ഗിയറിന്റെ ഒരു ഭാഗം, ശബരി സൂപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങൾ അഗ്നിക്കിരയായി. മാന്നാർ കേന്ദ്രമാക്കി അഗ്നിരക്ഷാ യൂണിറ്റ് സ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top