26 April Friday

നഷ്‌ടപരിഹാരം യഥാസമയം

സ്വന്തം ലേഖകൻUpdated: Tuesday Aug 9, 2022

ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീഴ്‌ചയിൽ വീട് തകർന്ന മുപ്പത്തഞ്ചിൽചിറ ജയകുമാറിനെയും കുടുംബത്തെയും കൃഷി മന്ത്രി പി പ്രസാദ് ആശ്വസിപ്പിക്കുന്നു

മങ്കൊമ്പ്
മടവീണ്‌ നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ കൃഷിമന്ത്രി പി പ്രസാദ് സന്ദർശിച്ചു. മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാർഷിക മേഖലയിലുണ്ടായ നാശങ്ങൾ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഫസൽ ബീമാ യോജന, കാലാവസ്ഥ അധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയും വിള ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. കാർഷിക കമ്പനികളുമായി ചേർന്ന് സ്‌മാർട്ട് ഇൻഷുറൻസ് പദ്ധതി നടപ്പാക്കി മെച്ചപ്പെട്ട സേവനം നൽകും. 
ബണ്ടുകളുടെ സംരക്ഷണത്തിന്‌ ഫലപ്രദ സാധ്യത പരിശോധിക്കും. അടിയന്തരമായി വെള്ളം വറ്റിക്കാൻ ജലസേചന വകുപ്പിന് നിർദേശം നൽകി. റോഡുകളുടെ പുനരുദ്ധാരണം ദുരന്തനിവാരണ പദ്ധതിയിൽ പൂർത്തീകരിക്കാൻ മന്ത്രി  കലക്‌ടർക്ക് നിർദേശം നൽകി. ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീഴ്‌ചയിൽ താഴ്‌ന്ന മുപ്പത്തഞ്ചിൽചിറ ജയകുമാറിന്റെ വീട്‌ മന്ത്രി സന്ദർശിച്ചു. 2018ലെ പ്രളയത്തിന്‌ ശേഷം റീബിൽഡ് കേരളയിൽ നിർമിച്ച വീടാണ് ഇപ്പോൾ തകർന്നത്. വീടിന്റെ നഷ്‌ടം തിട്ടപ്പെടുത്തി റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് എൻജിനിയർക്കും നിർദേശംനൽകി. സാമ്പത്തിക സഹായം ഒരാഴ്‌ചയ്‌ക്കുള്ളിൽ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. 
കൃഷി  ഡയറക്‌ടർ ടി വി സുഭാഷ്, കലക്‌ടർ വി ആർ കൃഷ്‌ണതേജ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശ സി ഏബ്രഹാം, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി നീണ്ടശ്ശേരി, കുട്ടനാട് തഹസിൽദാർ എസ് അൻവർ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ടി ജി ജലജകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം എസ് ശ്രീകാന്ത്,  കെ ഗോപിനാഥൻ, ബി ലാലി തുടങ്ങിയവർ മന്ത്രിക്കൊപ്പമെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top