02 May Thursday
ഡിവിഷണൽ മാനേജരുമായി ആരിഫ് എംപിയുടെ ചർച്ച

തുറവൂർ-–കുമ്പളം പാത ഇരട്ടിപ്പിക്കൽ ഉടൻ

കെ എസ്‌ ഗിരീഷ്‌Updated: Sunday Dec 4, 2022

റെയിൽവേ ഡിവിഷണൽ മാനേജർ ആർ മുകുന്ദുമായി എ എം ആരിഫ് എംപി ആലപ്പുഴ റെയിൽവേ സ്‍റ്റേഷനിൽ 
ചർച്ച നടത്തുന്നു

ആലപ്പുഴ
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസനം ത്വരിതപ്പെടുത്താൻ ഡിവിഷണൽ മാനേജർ ആർ മുകുന്ദുമായി എ എം ആരിഫ് എംപി നടത്തിയ ചർച്ചയിൽ ധാരണ. തുറവൂർ-–-കുമ്പളം, കുമ്പളം-–-എറണാകുളം ഭാഗങ്ങളിലെ പാത ഇരട്ടിപ്പിക്കൽ ജോലി ഉടൻ ആരംഭിക്കും. അമ്പലപ്പുഴ-–-തുറവൂർ പാത ഇരട്ടിപ്പിക്കലിന്‌ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും യോഗത്തിൽ ഡിആർഎം പറഞ്ഞു. 
   റെയിൽവേ സ്‌റ്റേഷനുകളിലെ വികസനപ്രവർത്തനങ്ങളും  സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നതും പുതിയ സ്‌റ്റോപ്പുകൾ അനുവദിക്കുന്നതും ചർച്ചയായി. ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലെ ചർച്ചയിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി ആനന്ദ്, റെയിൽവേ  അസി. എക്‌സി. എൻജിനിയർ മിർ അതിഫ്, ഡോ. ആർ സേതുനാഥ് എവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
• കോവിഡിന്‌ മുമ്പ്‌ മാവേലി എക്‌സ്‌പ്രസിന്‌ അമ്പലപ്പുഴ, മാരാരിക്കുളം, തുറവൂർ സ്‌റ്റേഷനുകളിലും ചെന്നൈ–- എഗ്‌മൂർ-–-ഗുരുവായൂർ എക്‌സ്‌പ്രസിന്‌ ചേർത്തല, ഹരിപ്പാട് സ്‌റ്റേഷനുകളിലും ഉണ്ടായിരുന്ന സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡിന്‌ ശുപാർശ നൽകും
• കരുനാഗപ്പള്ളിയിൽ സ്‌റ്റോപ്പ് ഉണ്ടായിരുന്ന രാജ്യറാണി, അമൃത, തിരുവനന്തപുരം എക്‌സ്‌പ്രസുകൾക്ക്‌ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കാൻ ശുപാർശചെയ്യും
• തിരുവനന്തപുരം-–-വെരാവൽ പ്രതിവാര എക്‌സ്‌പ്രസിന്‌ കായകുളം, കരുനാഗപ്പള്ളി സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിക്കാൻ  ശുപാർശ നൽകും
• നിലവിൽ ആഴ്‌ചയിൽ ഒരുദിവസം കോട്ടയം വഴി സർവീസ് നടത്തുന്ന എറണാകുളം–- വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ സ്ഥിരമായി സർവീസ് നടത്താനും ആഴ്‌ചയിൽ ഒരുദിവസം ആലപ്പുഴവഴികൂടി സർവീസ് നടത്താനും ശുപാർശചെയ്യും
• എംപി ഫണ്ട് ഉപയോഗിച്ച് ചേർത്തല–-റെയിൽവെ സ്‌റ്റേഷനിലെ നടപ്പാലത്തിന്‌ 18 ലക്ഷം ചെലവിൽ മേൽക്കൂര നിർമാണം മാർച്ചിന്‌ മുമ്പ്‌ പൂർത്തിയാക്കും   
• കരുനാഗപ്പള്ളിയിലെ ലൂപ്പ് ട്രാക്ക്, കിഴക്കുഭാഗത്ത് പുതിയ കവാടം എന്നിവയടക്കമുള്ള വികസനകാര്യങ്ങൾ ചർച്ചചെയ്യാൻ 17ന്‌ എംപിയുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top