26 April Friday

കൂടുതൽ സൗരോർജബോട്ട്‌ വരും, വേഗം കൂടും

പ്രത്യേക ലേഖകൻUpdated: Saturday Feb 4, 2023

സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടറുടെ കാര്യാലയം

ആലപ്പുഴ
പരിസ്ഥിതിസൗഹൃദമായ കൂടുതൽ സൗരോർജ ബോട്ടുകൾ വരാൻ ബജറ്റ്‌ നിർദേശം കളമൊരുക്കും. പുതിയ ബോട്ടുകൾ വാങ്ങാൻ സംസ്ഥാന ജലഗതാഗതവകുപ്പിനു  വകയിരുത്തിയ 24 കോടി സൗരോർജ ബോട്ടുകൾ നിർമിക്കാനാണ്‌ ഉപയോഗിക്കുക. 
അഞ്ചുവർഷം കൊണ്ട്‌ 50 ശതമാനം ജലഗതാഗത ബോട്ടുകൾ സൗരോർജത്തിലാക്കുമെന്ന്‌ സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു.  കഴിഞ്ഞവർഷം ഏഴ്‌ സൗരോർജ ബോട്ടുകൾ നിർമിക്കാനാണ്‌ അംഗീകാരം നൽകിയത്‌. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതായി  ജലഗതാഗതവകുപ്പ്‌ ഡയറക്‌ടർ ഷാജി നായർ പറഞ്ഞു. 
ആദ്യ ബോട്ട്‌ അടുത്തമാസം ഇറങ്ങും. എറണാകുളം ജില്ലയിലാണ്‌ ഇത്‌ സർവീസ്‌ നടത്തുക. ജലാശയങ്ങളുടെ മലിനീകരണം പരമാവധി കുറയ്‌ക്കുന്ന സൗരോർജ ബോട്ടുകൾക്ക്‌ കൂടുതൽ വേഗമുണ്ടാകുമെന്നത്‌ യാത്രക്കാർക്ക്‌ ഗുണകരമാകും. ശബ്‌ദവും കുറവായിരിക്കും. 
ജലഗതാഗതവകുപ്പിന്‌ 60 ബോട്ടും സംസ്ഥാത്താകെ 748 ട്രിപ്പുമാണുള്ളത്‌. ഇതിൽ 22 ബോട്ടും കൂടുതൽ സർവീസും ആലപ്പുഴ ജില്ലയിലാണ്‌. കായലടക്കമുള്ള ജലാശയങ്ങളുടെ മലിനീകരണം പരിസ്ഥിതിക്ക്‌ വലിയ വെല്ലുവിളിയാണ്‌. അത്‌ പരിഹരിക്കാനുള്ള ചുവടുവയ്‌പാണ്‌ സൗരോർജ ബോട്ടുകൾക്ക്‌ നൽകുന്ന പ്രാധാന്യം. 
സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ആകെ 141.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ഉൾനാടൻ ജലഗതാഗത മാർഗത്തിലൂടെ വൻതോതിൽ ചരക്കുനീക്കുന്നതിനുള്ള ബാർജുകളുടെ പൂർത്തീകരണത്തിന്‌ രണ്ടരക്കോടിയും പുതിയ ക്രൂയിസ് വെസൽ നിര്‍മിക്കാൻ നാലുകോടിയും വകയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top