26 April Friday

ലോകത്തിന്റെ നെറുകയിലെത്താൻ മാവേലിക്കര

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

നവീകരണത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച മാവേലിക്കര വലിയകുളം

മാവേലിക്കര
നഗരസഭ 19–-ാം വാർഡിലെ നോർക്കയുടെ അഞ്ചേക്കറോളം വരുന്ന ഭൂമിയിൽ ലോകകേരള കേന്ദ്രം വരുന്നു. ബജറ്റിലാണ് പ്രഖ്യാപനം. പ്രവാസിക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഇവിടെയെത്തിക്കും. തദ്ദേശവാസികൾക്കുകൂടി പ്രയോജനപ്പെടുന്ന സാങ്കേതിക- ഐടി സ്ഥാപനങ്ങൾക്കും സാധ്യതയുണ്ട്. 
പദ്ധതി നടപ്പായാൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാവേലിക്കര മാറും. കഴിഞ്ഞ ഏഴ്‌ വർഷത്തിനിടെ നടപ്പായതും നിലവിൽ പൂർത്തീകരിക്കാനിരിക്കുന്നതുമായ നിരവധി പദ്ധതികളും ലോക കേരളകേന്ദ്രവും ഓണാട്ടുകരയുടെ ഹൃദയഭൂമിയിലേക്ക് ലോകത്തെ എത്തിക്കും. 
തഴക്കര കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിക്ക് സമീപം അച്ചൻകോവിലാറിന് തീരസംരക്ഷണഭിത്തി നിർമിക്കുന്നതിന് മൂന്നുകോടി, ദേവസ്വം ബോർഡിന്റെ കുളവും (വലിയകുളം) കണ്ടിയൂർ മഹാദേവർ ക്ഷേത്രക്കുളവും നവീകരിക്കുന്നതിന് 1.5 കോടി, ചുനക്കര സ്‌റ്റേഡിയത്തിന് ഒരുകോടി, അങ്കണവാടികൾക്ക് 1.5 കോടി, കോട്ടത്തോട് നവീകരണത്തിന് 50 ലക്ഷം, വിവിധ ആയുർവേദ ആശുപത്രികൾക്ക് കെട്ടിടം നിർമിക്കാൻ രണ്ടുകോടി, ഹോമിയോ ആശുപത്രികൾക്ക് കെട്ടിടം നിർമിക്കാൻ 50 ലക്ഷം എന്നിങ്ങനെ വകയിരുത്തി. 
മാവേലിക്കരയുടെ ചരിത്രവുമായി അഭേദ്യബന്ധമുള്ള രണ്ട്‌ കുളങ്ങളുടെ നവീകരണം സാധ്യമാക്കിയ എം എസ് അരുൺകുമാർ എംഎൽഎയെ ഈ നാട് ചേർത്തുപിടിക്കുന്നുവെന്ന് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര രക്ഷാധികാരി സി എ ആർ ഉദയവർമയും കണ്ടിയൂർ ക്ഷേത്ര രക്ഷാധികാരി ഡോ. രവിശങ്കറും പ്രതികരിച്ചു. 
അച്ചൻകോവിലാറിന് തീരസംരക്ഷണഭിത്തിയും കടവും നിർമിക്കണമെന്ന പതിറ്റാണ്ടുകളായുള്ള നാടിന്റെ ആവശ്യം പൂർത്തീകരിച്ച എംഎൽഎയ്‌ക്ക് നന്ദി അറിയിക്കുന്നതായി ഓർത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പനും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top