27 April Saturday

ജീവിതം തുന്നുന്ന സുവർണനാര്

എം കെ പത്മകുമാർUpdated: Wednesday Dec 2, 2020

കയർ ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി നിറം ചേർക്കുന്ന തൊഴിലാളികൾ ഫോട്ടോ ഷിബിൻ ചെറുകര

ആലപ്പുഴ> സുവർണനാരെന്ന വിശേഷണത്തെ കയർ ആത്മാഭിമാനത്തോടെ ചേർത്തുവെക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ നാലരവർഷത്തെ പ്രവർത്തനം കയറിന്റെ ഗതകാല പ്രതാപത്തെ തിരികെയെത്തിക്കുകയാണ്‌. കയർപിരി മുതൽ കയറ്റുമതി വരെ  സകലമേഖലകളിലും പരമ്പരാഗത വ്യവസായം പെരുമ വീണ്ടെടുത്ത്‌ തുടങ്ങിയിരിക്കുന്നു.

തെങ്ങും ജലാശയങ്ങളും വേണ്ടുവോളമുള്ള ആലപ്പുഴ പണ്ട്‌  ജീവിതത്തിന്റെ ഊടും പാവും നെയ്‌തത്‌‌ കയറിലായിരുന്നു. ആദ്യ വ്യവസായ സ്ഥാപനവും പ്രഥമ  തൊഴിലാളി യൂണിയനും ഒക്കെ ഈ മേഖലയിൽ നിന്നായിരുന്നു.  ജീവിതവുമായി കയറിന്റെ ഇഴയടുപ്പത്തെയാണ്‌ കയറിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്നത്‌. 

7,000ത്തിൽനിന്ന്‌ 
40,000ലേയ്‌ക്ക്‌
നേരത്തെ രാജ്യത്തെ കയർ ഉൽപ്പാദനത്തിന്റെ 70 ശതമാനവും കേരളത്തിന്റെ സംഭാവനയായിരുന്നു. ‌ പിന്നീടിത്‌ 20 ശതമാനത്തിലേക്ക്‌ ഇടിഞ്ഞു.  എന്നാൽ 2016ൽ അധികാരമേറ്റ എൽഡിഎഫ്‌ സർക്കാർ പരമ്പരാഗത വ്യവസായത്തെ തിരിച്ചു പിടിക്കാൻ തീരുമാനിച്ചു. നൂതന പദ്ധതികൾ നടപ്പാക്കി. 2016ലെ ഉൽപ്പാദനമായ 7000 ടണ്ണിൽ നിന്ന്‌ നാലര വർഷത്തിനകം 20,000 ടണ്ണിലേക്കാണ്‌ കയർ കുതിച്ചത്‌. 40000 ടൺ എന്ന വാർഷിക ഉൽപ്പാദന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ്‌ കയർ.
 
ഉൽപ്പാദനം, സംഭരണം, വിപണനം തുടങ്ങിയ മേഖലകളിൽ സമഗ്രമാണ്‌ നവീകരണം. സമ്പൂർണ യന്ത്രവൽക്കരണത്തിലേക്ക്‌ കുതിക്കുന്ന വ്യവസായം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നു. കൂലിയും വർധിക്കുന്നു. 
 
രണ്ടാം കയർ 
പുന:സംഘടന
കയറിനെ വീണ്ടും ഒന്നാം നമ്പറാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു‌ രണ്ടാം കയർ പുന:സംഘടന‌. ചകിരി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത, തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിച്ച്‌ സമ്പൂർണ യന്ത്രവൽക്കരണം, കയർ ജിയോ ടെക്‌സ്‌റ്റൈൽസിന്റെ ഉപയോഗം, ഉൽപ്പന്ന രംഗത്ത്‌ വൈവിധ്യവൽക്കരണവും നൂതന വിപണന സംവിധാനങ്ങളും  എന്നിവയാണ്‌ പുന:സംഘടനയുടെ പ്രധാന ലക്ഷ്യം.
 
 ഇതിനായി സംസ്ഥാനത്തെ 100 സംഘങ്ങളിൽ ഓട്ടോമാറ്റിക്‌ സ്‌പിന്നിങ്‌ മെഷീനുകൾ സ്ഥാപിച്ചു.  ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം  തൊഴിലാളിൾക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനാവും.  മെഷീനുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ കേരളാ സ്‌റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top