26 April Friday
കെഎസ്‌ആർടിസി ഷട്ടിൽ സർവീസ്‌

കളർകോട് പാലം ഇന്ന്‌ പൊളിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
ആലപ്പുഴ
ആലപ്പുഴ–--ചങ്ങനാശേരി റോഡ്‌ (എ സി റോഡ്‌) നവീകരണത്തിന്‌ കളർകോട്‌ പാലം തിങ്കളാഴ്‌ച പൊളിക്കും. ഇതിനൊപ്പം നീക്കാൻ നിശ്ചയിച്ച പൊങ്ങ പാലം രണ്ടുദിവസം കഴിഞ്ഞ്‌ പൊളിക്കും. വീതികൂട്ടുന്നതിന്റെ ഭാഗമായാണ്‌ ചെറുപാലം പൊളിക്കുന്നത്‌. 13 ചെറുപാലമാണുള്ളത്‌. ആദ്യഘട്ടം കളർകോട്‌, പൊങ്ങ പാലം പുതുക്കിപ്പണിയും. 70 ദിവസംകൊണ്ട് നിർമാണം പൂർത്തിയാകും.   താൽക്കാലിക റോഡ്‌ പൂർത്തിയായി. നിലവിലുള്ള പാലത്തിന്റെ  വശത്തായാണ്‌ റോഡ്‌ നിർമിച്ചത്‌. ചെറിയ പ്രാദേശിക വാഹനങ്ങളും മിനി ആംബുലൻസും പോകാൻ സാധിക്കുന്ന തരത്തിലാണ്‌ റോഡ്‌. തദ്ദേശവാസികളുടെ വലിയ വാഹനങ്ങൾക്ക്‌ വിലക്കുണ്ട്‌.
 
വഴിയടയില്ല 
ആലപ്പുഴ
കളർകോട് പാലം പൊളിക്കുമ്പോഴും യാത്രക്കാർക്ക്‌ വഴിയടയില്ല. ഗതാഗത തടസ്സമൊഴിവാക്കാൻ അമ്പലപ്പുഴ–തിരുവല്ല റോഡും കോട്ടയം–തണ്ണീർമുക്കം–-ആലപ്പുഴ റോഡും  ഉപയോഗിക്കാം. തെക്കുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌ ചങ്ങനാശേരിയിലേക്ക്‌ പോകാൻ അമ്പലപ്പുഴ–-തിരുവല്ല റോഡ്‌ ഉപയോഗിക്കാം. തിരുവല്ല–അമ്പലപ്പുഴ റോഡിൽ പൊടിയാടി–-തിരുവല്ല ഭാഗത്ത്‌ നിർമാണം നടക്കുന്നതിനാൽ പൊടിയാടിയിൽനിന്ന്‌ തിരിഞ്ഞുപോയാൽ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാം. പൊടിയാടി ജങ്‌ഷൻ എത്തുംമുമ്പ്‌ ഇടത്തോട്ട്‌ തിരിഞ്ഞാണ്‌ പോകേണ്ടത്‌. പൊടിയാടി–-പെരിങ്ങര വഴി ഇടിഞ്ഞില്ലത്ത്‌ എത്തി എംസി റോഡിലൂടെ യാത്ര തുടർന്ന്‌ പെരുന്നയിലെത്തും. അമ്പലപ്പുഴ –- പൊടിയാടി 22.8 കി.മീ. പൊടിയാടി–-ഇടിഞ്ഞില്ലം ആറ്‌ കി.മീ. ഇടിഞ്ഞില്ലം–-പെരുന്ന 2.8 കി.മീ. തിരിച്ചുപോകേണ്ടവർക്കും ഈ പാത ഉപയോഗിക്കാം. 
  കോട്ടയം ഭാഗത്തുനിന്ന്‌ ചങ്ങനാശേരിയുടെ കിഴക്കൻ മേഖലയിലുള്ളവർക്കും കോട്ടയം–തണ്ണീർമുക്കം–-ആലപ്പുഴ റോഡ്‌ ഉപയോഗിക്കാം. കോട്ടയം–-കുമരകം വഴി തണ്ണീർമുക്കം ബണ്ട്‌ കടന്ന്‌ മുഹമ്മയിലൂടെ ആലപ്പുഴയിലെത്താം. 46.3 കി. മീറ്ററാണുള്ളത്‌. ആലപ്പുഴയുടെ വടക്കുനിന്ന്‌ വരുന്നവർക്ക്‌ കോട്ടയം ഭാഗത്തേക്ക്‌ പോകാനും ഈ റോഡ്‌ ഉപകരിക്കും. കോട്ടയത്തിന്റെ വടക്കൻ മേഖലയിലുള്ളവർക്ക്‌ ഏറ്റുമാനൂർ–- നീണ്ടൂർ–-കല്ലറ–-ഇടയാഴം വഴി തണ്ണീർമുക്കത്തെത്താം. 
 കിടങ്ങറയ്‌ക്കും ആലപ്പുഴയ്‌ക്കും ഇടയിലുള്ളവർ എസി റോഡിനെയും  തിരുവല്ല–-അമ്പലപ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകൾ ഉപയോഗിക്കണം. കളർകോട്‌ പാലം പൊളിക്കുമ്പോൾ പൂപ്പള്ളി–--ചമ്പക്കുളം-–-വൈശ്യംഭാഗം–-- എസ്എൻകവല–-കളർകോട് റോഡിനെ ആശ്രയിക്കാം. ദൂരം 20. 2 കി. മീ. എസ്എൻ കവല എത്തിയാൽ ദേശീയപാതയായി. തെക്കുഭാഗത്തേക്ക്‌ പോകേണ്ടവർക്ക്‌ ഇവിടെനിന്ന്‌ തിരിയാം. 
 
ബോട്ടും 
വാട്ടർ ടാക്‌സിയും 
ആലപ്പുഴ
ആലപ്പുഴയിൽനിന്ന്‌ ചങ്ങനാശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് ചൊവ്വാഴ്‌ചമുതൽ  കൂടുതൽ ബോട്ട് സർവീസ്‌ നടത്തും. രാവിലെ ഏഴുമുതൽ രാത്രിഏഴു വരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കിൽ (15 മിനിറ്റ് സമയത്തേക്ക് 10 പേർക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശേരി കേന്ദ്രീകരിച്ച് വാട്ടർ ടാക്‌സി സൗകര്യവുമുണ്ട്‌. വാട്ടർ ടാക്‌സി ഫോൺ: ചങ്ങനാശേരി -9400050343, ആലപ്പുഴ -9400050324, നെടുമുടി- 9400050382, പുളിങ്കുന്ന്‌- 9400050378.
 
കളർകോടിനും പൊങ്ങയ്‌ക്കുമിടയിൽ  മിനി ബസ്
ആലപ്പുഴ
കളർകോട് പാലത്തിന് പിന്നാലെ പൊങ്ങ പാലം പൊളിക്കുമ്പോൾ 'പ്രത്യേക മിനി ബസ് സർവീസുമായി കെഎസ്ആർടിസി. പൊങ്ങയ്‌ക്കും കളർകോടിനും ഇടയിലുള്ളവരുടെ യാത്രാ തടസം ഒഴിവാക്കാനാണിതെന്നും രണ്ട് ബസ് ഉപയോഗിച്ചാണ് ഇരു ഭാഗത്തുനിന്ന് സർവീസെന്നും ആലപ്പുഴ എടിഒ വി അശോക് കുമാർ പറഞ്ഞു. നാലു കിലോമീറ്ററിൽ നടത്തുന്ന ഈ ഷട്ടിൽ സർവീസ് ആലപ്പുഴയിൽനിന്നും ചങ്ങനാശേരിയിൽ നിന്നും വരുന്നവർക്കും ഉപകാരപ്രദമാണ്. ഓരോ ദിവസവും രാവിലെ ആലപ്പുഴയിൽ നിന്ന് എസ്എൻ കവല - വൈശ്യം ഭാഗം- ചമ്പക്കുളം വഴി പൂപ്പള്ളി വരെ മിനി ബസ് സർവീസ് നടത്തും. അവിടെ നിന്ന് കൈനകരി പത്തിൽ പാലം വഴിയാണ് ബസ് കൊണ്ടുവരിക. ബലക്ഷയമുള്ളതിനാൽ യാത്രക്കാരെ ഇറക്കിയാണ് പത്തിൽ പാലം കടത്തുക. ഷട്ടിൽ ഓടിയ ശേഷം വൈകിട്ട് ബസ് ആലപ്പുഴയിലേക്ക് സർവീസ് നടത്തും.
 
കെഎസ്‌ആർടിസി സർവീസ്‌
ആലപ്പുഴ
കെഎസ്‌ആർടിസി ബസുകൾ ആലപ്പുഴയിൽനിന്ന് കളർകോടുവരെയും ചങ്ങനാശേരിയിൽനിന്ന് കളർകോടുവരെയും ഉണ്ടാകും. ആലപ്പുഴ–-കളർകോട്‌ ഷട്ടിൽ സർവീസാണ്‌ നടത്തുക. കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ -വണ്ടാനം മെഡി. കോളേജ്, എസ്‌എൻ കവല,- കഞ്ഞിപ്പാടം, ചമ്പക്കുളം, -പൂപ്പള്ളി വഴി സർവീസ് നടത്തും. ആലപ്പുഴയിൽനിന്ന് ചങ്ങനാശേരിക്ക് പോകേണ്ടവർക്ക്‌ അമ്പലപ്പുഴ–-എടത്വ–--തിരുവല്ല വഴി ഫാസ്‌റ്റ്‌ പാസഞ്ചർ ബസുണ്ട്‌. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ –--തണ്ണീർമുക്കം –-കുമരകം വഴി കോട്ടയം ബസുംഏർപ്പെടുത്തി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top