27 April Saturday

നമ്മുടെ അടുക്കള 72,865 പൊതിച്ചോർ

കെ എസ് ഗിരീഷ്Updated: Wednesday Apr 1, 2020
ആലപ്പുഴ
ലോക്ക്‌ഡൗണിൽ ആരും വിശന്നിരിക്കാതിരിക്കാൻ ജില്ലയിൽ ആരംഭിച്ച സമൂഹ അടുക്കളകൾ വിളമ്പിയത് 72,865 പൊതിച്ചോർ. 21,700 പേർക്കാണ് ചൊവ്വാഴ്‌ച മാത്രം ഊണ് വിളമ്പിയത്. കണ്ടല്ലൂർ വേലൻചിറ ജങ്ഷനിലെ കേന്ദ്രത്തിൽനിന്ന്‌ 800 ആളുകൾക്കാണ്‌ ആഹാരം നൽകിയത്‌. ജില്ലയിൽ 94 അടുക്കളകളിൽ നിന്നാണ് ദിവസവും ഭക്ഷണം നൽകുന്നത്. 
ആദ്യദിനമായ 26ന് 1300 പേർക്കാണ് ഊണ് കൊടുത്തത്. 28 ആയപ്പോൾ പതിനായിരം. ചൊവ്വാഴ്‌ച ഇത്‌ 21,000 കടന്നു. 14,538 എണ്ണം സൗജന്യമായാണ്‌ നൽകിയത്‌.  
അശരണർക്കും അതിഥി തൊഴിലാളികൾക്കുമാണ്‌ പൊതിച്ചോറ്‌ സൗജന്യമായി നൽകിയത്‌. പാഴ്സൽ വാങ്ങാൻ 20 രൂപയും വീടുകളിൽ എത്തിക്കാൻ 25 രൂപയുമാണ്‌. 100 മുതൽ 800 ഊണ് നൽകുന്ന അടുക്കളകളുണ്ട്. കണ്ടല്ലൂർ പൈപ്പ് ജങ്ഷന് സമീപത്തെ അടുക്കളയിൽ 680 ഊണാണ്‌ നൽകിയത്‌. കണ്ടല്ലൂർ വേലൻചിറ ജങ്ഷനിലെ അടുക്കളയിൽ നൽകിയ 800ൽ 717 ഊണും സൗജന്യമാണ്‌. 200ലേറെ പൊതിച്ചോർ വിതരണംചെയ്യുന്ന 36 കേന്ദ്രങ്ങളുണ്ട്.
 പത്ത് പഞ്ചായത്തുകളിൽ രണ്ടോ അതിലധികമോ അടുക്കള പ്രവർത്തിക്കുന്നു. തണ്ണീർമുക്കത്ത് നാലും മാന്നാറിൽ മൂന്നെണ്ണവുമുണ്ട്. ചോറിന് പയർ തോരൻ അല്ലെങ്കിൽ മെഴുക്കുപുരട്ടി, അച്ചാർ, മീൻകറി എന്നിവയാണ് മിക്കയിടത്തേയും വിഭവങ്ങൾ. അടുക്കളയിൽ മൂന്ന് മുതൽ പത്തുപേർ വരെ ഉണ്ടാവും. പലയിടങ്ങളിലും നാല് തൊട്ട് ആറു വരെ. ചിലയിടങ്ങളിൽ പ്രഭാത,- രാത്രി ഭക്ഷണവും നൽകുന്നുണ്ട്. കുടുംബശ്രീകൾക്കാണ്‌ സമൂഹ അടുക്കളകളുടെ നടത്തിപ്പ്‌ ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top