26 April Friday

കാതോട്‌ കാതുചേർത്ത്‌ യാത്രാമംഗളം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

 എസ്എൽ പുരം

സമയം രാവിലെ 9.45. വിരമിക്കുന്ന അധ്യാപകരുടെ രംഗപ്രവേശമാണ്‌. സഹപ്രവര്‍ത്തകരുടെ  കരഘോഷം മുഴങ്ങുകയായി. പിന്നാലെ ആകാശവാണി സ്‌റ്റേഷൻ തുറക്കുന്ന ഗൃഹാതുരമായ ഈണം. പിന്നാലെ  ‘യുവവാണി’ തീം മ്യൂസിക്. പിന്നാലെ മുഴങ്ങിയത്‌ ‘കാതോട് കാതോരം’ സിനിമാഗാനത്തിന്റെ പശ്ചാത്തലത്തിൽ  അനൗണ്‍സ്‌മെന്റ്. ലോക്ക്ഡൗണ്‍ ആണെങ്കിലും ചേര്‍ത്തല എസ്എന്‍ കോളേജില്‍ പതിവ് യാത്രയയപ്പ് സമ്മേളന ചടങ്ങുകളൊന്നിനും അധ്യയന വർഷത്തിലെ അവസാനദിനത്തിൽ പൂട്ടുവീണില്ല. എല്ലാവരും ഒത്തുചേർന്ന ആഹ്ലാദത്തിന്‌ പകരം വാട്സാപ് ​ഗ്രൂപ്പിലൂടെ യാത്രയയപ്പെന്ന പുതുമ ചേർത്തുവെച്ചായിരുന്നു ചടങ്ങുകൾ. 
കോളേജിൽനിന്നും വിരമിക്കുന്ന പ്രിൻസിപ്പല്‍ ഡോ. കെ ബി മനോജ്, ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ഡോ. മിനി പാർത്ഥസാരഥി എന്നിവർക്കാണ് നാലര മണിക്കൂർ നീണ്ട ‘കാതോടുകാതോരം സ്‌നേഹമന്ത്രം’ എന്ന പേരിൽ ഓൺലൈൻ യാത്രയയപ്പ്‌ ഒരുങ്ങിയത്‌. കോളേജിലെ സ്‌റ്റാഫ് അസോസിയേഷനാണ് പ്രതിസന്ധികള്‍ക്കിടയിലും യാത്രാമംഗളം ഒരുക്കിയത്‌. 
റേഡിയോ പ്രക്ഷേപണത്തിന്റെ രീതി‌യിലായിരുന്നു പരിപാടി. അധ്യക്ഷൻ, സ്വാഗതം, മുഖ്യപ്രഭാഷണം, ആശംസ, പാട്ടുകൾ, നന്ദി തുടങ്ങി ഓരോന്നായി പിന്നാലെയെത്തി. ഇടയിൽ കുറച്ചുനേരം ഓർമ ചിത്രങ്ങളും. ഇരുവരുടെയും വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങൾ അധ്യാപകന്‍ ആര്‍ രാജേഷ് കോര്‍ത്തിണക്കിയത്‌. 
ഓൺലൈൻ യാത്രയയപ്പ് ആശയം അവതരിപ്പിച്ച പ്രൊഫ. ടി ആർ രതീഷ് മാരാരിക്കുളത്തെ വീട്ടിലിരുന്ന് തത്സമയ പ്രക്ഷേപണം നിയന്ത്രിച്ചു. ‘കൺട്രോൾറൂം’ എന്ന ഗ്രൂപ്പിലൂടെ ടി ആർ രതീഷിനൊപ്പം ആർ രാജേഷ് ചേർത്തലയിലും എം എസ് ശ്രീകാന്ത് കൊടുങ്ങല്ലൂരിലെ വീട്ടിലിരുന്നും സഹകരിച്ചു. ടി ആർ രതീഷും ഡോ. ടി വി ഉഷാദേവിയുമായിരുന്നു അവതാരകര്‍. 
മുൻ അധ്യാപകരായ ഡോ. കെ അനിരുദ്ധൻ, അനിൽകുമാർ, നീന, രമാദേവി, ഷീല എന്നിവർ വിശിഷ്‌ടാതിഥികളായി. ഡോ. പി എൻ ഷാജി അധ്യക്ഷനായി. ഡോ. സി ലേഖ മുഖ്യപ്രഭാഷണം നടത്തി. എം എസ് ശ്രീകാന്ത് സ്വാഗതവും ഡോ. ധന്യാ വിശ്വം നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top