11 May Saturday
നോറോ വൈറസ്; കർശന ജാഗ്രതയോടെ ആരോഗ്യവകുപ്പ്

രോഗം ബാധിച്ചത്‌ 54 വിദ്യാർഥിനികൾക്കും 
3 ജീവനക്കാർക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

നോറോ വൈറസ്‌ ബാധയെത്തുടർന്ന്‌ തൃശൂർ സെന്റ്‌ മേരീസ്‌ കോളേജിൽ ഡിഎംഒ ഡോ. എൻ കെ കുട്ടപ്പന്റെ 
നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു

 
തൃശൂർ 
സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ നോറോ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. സ്ഥാപനത്തിന്റെ ശുചിത്വ സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവ പരിശോധിച്ചു. 
240 വിദ്യാർഥിനികളും 15 ജീവനക്കാരുമാണ് ഇവിടെയുള്ളത്‌. ഇവരിൽ 54 വിദ്യാർഥിനികൾക്കും 3 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ പലർക്കും നവംബർ എട്ടുമുതൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. എന്നാൽ ഇവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിനാൽ ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിരുന്നില്ല. 
24ന്‌ എട്ട്‌ വിദ്യാർഥിനികൾ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ്‌  രോഗവിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രോഗബാധിതരിൽനിന്ന്‌ സാമ്പിളുകൾ ശേഖരിച്ച്‌ ബാക്ടീരിയ പരിശോധനക്ക്‌ തൃശൂർ മെഡിക്കൽ കോളേജിലേക്കും വൈറസ് പരിശോധനക്ക്‌ ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് ‘നോറോ' വൈറസ് ബാധ സ്ഥിരീകരിച്ചത്. 
ജീവനക്കാർക്കും വിദ്യാർഥിനികൾക്കും ആരോഗ്യവകുപ്പ് സംഘം ബോധവൽക്കരണ ക്ലാസ് നൽകി. രോഗബാധ പൂർണമായും നിയന്ത്രണത്തിൽ ആകുന്നതുവരെ ഹോസ്റ്റലിൽനിന്ന് ആരെയും വീടുകളിലേക്ക് വിടരുതെന്ന്‌ നിർദേശിച്ചു. 
മറ്റു ജില്ലകളിലുള്ള വിദ്യാർഥികളിൽ ആരെങ്കിലും വീടുകളിലേക്ക് പോയിട്ടുണ്ടെങ്കിൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസുകളിലേക്ക് അറിയിച്ച്‌ അവരെ നിരീക്ഷിക്കും. 
 ജില്ലയിലെ സ്റ്റുഡൻസ് ഹോസ്റ്റലുകൾ, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ എന്നിവ കർശനമായി നിരീക്ഷിക്കാൻ മുഴുവൻ മെഡിക്കൽ ഓഫീസർമാർക്കും ഡിഎംഒ നിർദേശം നൽകി.
ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, ടെക്നിക്കൽ അസി. പി കെ രാജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ബി പ്രദീഷ്, വർഗീസ്, മുഹമ്മദ് സാലി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top