26 April Friday

മാരാമൺ കൺവൻഷന്‌ മണൽപ്പുറം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

മാരാമൺ കൺവൻഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന പമ്പാ മണൽപ്പുറം

 കോഴഞ്ചേരി 

128–-ാം മാരാമണ്‍ കൺവൻഷനുള്ള ഒരുക്കങ്ങൾ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണൽപ്പുറത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കുന്ന ഈ വർഷത്തെ കൺവൻഷന്‌ ഒരുലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാക്കുന്നത്. 
പന്തലിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാനാണ്  സംഘാടകസമിതി ശ്രമിക്കുന്നതെന്ന് കൺവെൻഷൻ ജനറല്‍ കണ്‍വീനര്‍ റവ. ജിജി മാത്യൂസ് പറഞ്ഞു. 
പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് കണ്‍വന്‍ഷന്‍ സംഘാടകർ ചെയ്യുന്നത്.  കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കാനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. കെഎസ്ആര്‍ടിസി  കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് പ്രത്യേകം ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. 
മാര്‍ത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയും സംഘം പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുമാണ് കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യൂസ് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  
ഫെബ്രുവരി 12ന് പകൽ 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top