26 April Friday

അനാവശ്യ കറക്കം ഇല്ല

സ്വന്തം ലേഖകന്‍Updated: Saturday Mar 28, 2020

തൃശൂർ

ലോക്ക്‌ഡൗൺ  നാലുനാൾ പിന്നിടുമ്പോൾ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറയുന്നു. പൊലീസിന്റെ കർശന നടപടികളും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളും ഇതിനു സഹായകരമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിന്തിരിപ്പിച്ചു വിടലും  ചുറ്റിത്തിരിയുന്നവർക്കെതിരെ കേസെടുക്കലും വാഹനങ്ങൾ കസ്റ്റിഡിയിലെടുക്കലും വ്യാപകമായതോടെയാണ് റോഡിൽ ജനത്തിരിക്ക് കുറഞ്ഞത്. 
നൂറുകണക്കിനു കേസുകളാണ് സർക്കാർ നിർദേശങ്ങൾ അവഗണിച്ചവർക്കെതിരെ ഈ ദിവസങ്ങളിൽ പൊലീസ് എടുത്തത്. വ്യാഴാഴ്ച മാത്രം ജില്ലയിൽ 580 പേരെ അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. 
 സർക്കാർ പത്രങ്ങളിലുടെ പ്രസിദ്ധീകരിച്ച സത്യവാങ് മൂലവും പാസും ഒഫീഷ്യൽ ഐഡന്റിറ്റികാർഡും ഉള്ളവർക്ക് ഒരു തടസ്സവുമില്ലാതെ യാത്രചെയ്യാനാകും.  24 മണിക്കൂറും പൊലീസിനെ റോഡിൽ വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സ്വയം നിയന്ത്രണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ  . 
ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലും സർക്കാർ എടുത്തിട്ടുണ്ട്. ഭക്ഷ്യ വിതരണകേന്ദ്രങ്ങളും മാവേലി സ്റ്റോറുകളും കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളുമെല്ലാം കൃത്യമായി തുറന്നു പ്രവർത്തിക്കുന്നു.  പലചരക്കു കടകൾ, പഴം. പച്ചക്കറി കടകൾ, മത്സ്യമാർക്കറ്റ് തുടങ്ങിയവയും രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കുന്നുണ്ട്. ആവശ്യക്കാർക്ക് സാധനങ്ങൾ വാങ്ങാനും മരുന്നു വാങ്ങാനും നിയന്ത്രണമൊന്നുമില്ല. 
സത്യവാങ്മൂലത്തിൽ എവിടെ പോകണമെന്നും എപ്പോൾ തിരിച്ചുവരുമെന്നും വ്യക്തമാക്കിയിരിക്കണം. 
ബോധവൽക്കരണത്തിന് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും രംഗത്തുണ്ട്. തൃശൂർ കോർപറേഷൻ പരിധിയിൽ ദിവസവും    മൈക്ക് അനൗൺസ്മെന്റ്   നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ബോധവൽക്കരണ നടപടികളും ജനങ്ങൾക്ക് സഹായകമാണ്. കൺട്രോൾറൂം, ദിശ നമ്പറുകൾ ദിവസവും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. തൃശൂർ കൺട്രോൾറൂം നമ്പർ 0487‐2320466, 9400408120. ദിശ 1056. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ പൊതുവിതരണ വകുപ്പ്  പരിശോധന വെള്ളിയാഴ്ചയും തുടർന്നു. നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.  അമിതവില ഈടാക്കുന്നവർക്കെതിരെയും നടപടിയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top