09 May Thursday

അപ്രോച്ച് റോഡിന്‌ സ്ഥലം ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
റാന്നി
നിർമാണത്തിലിരിക്കുന്ന റാന്നി വലിയ പാലത്തിന്റെ അപ്രോച്ച് റോഡിന്‌ സ്ഥലം എടുക്കുന്നതിന് വിജ്ഞാപനമായി. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഉടമകൾക്ക് ന്യായമായ  നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം സെക്ഷൻ പതിനൊന്നാം വകുപ്പ് വ്യവസ്ഥകൾക്ക് അനുസൃതമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
നിർമാണത്തിലിരിക്കുന്ന റാന്നി പാലത്തിന്റെ റാന്നി പഞ്ചായത്ത് കരയിൽ പെരുമ്പുഴക്കടവ് മുതൽ ബ്ലോക്ക്പടി വരെയുള്ള രാമപുരം–-ബ്ലോക്ക്പടി റോഡ് വീതികൂട്ടിയാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. മറുകരയായ അങ്ങാടി പഞ്ചായത്തിൽ ഉപാസനക്കടവ് മുതൽ പേട്ട ജങ്‌ഷൻ വരെയുള്ള ഭാഗമാണ് വീതികൂട്ടുന്നത്.  
അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനായി സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നത് തിരുവനന്തപുരം പാങ്ങോട് ഉള്ള സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് എന്ന യൂണിറ്റിനെയാണ്‌ ചുമതലപ്പെടുത്തിയിരുന്നത്. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കൽ.പഠന റിപ്പോർട്ട്  കലക്ടറുടെ ഔദ്യോഗിക വെബ്സൈറ്റിലും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കാര്യാലയത്തിലും  അതാത് പഞ്ചായത്ത് ഓഫീസുകളിലും പത്തനംതിട്ട ലാൻഡ്‌ അക്വിസിഷൻ ഓഫീസ് കാര്യാലയത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊന്നുംവില നിയമ പ്രകാരമാണ് ഭൂമി ഏറ്റെടുക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
     റാന്നി വില്ലേജ് ബ്ലോക്ക് നമ്പർ 6 ൽ ഉൾപ്പെട്ട 0.57831 ഹെക്ടർ സ്ഥലവും അങ്ങാടി വില്ലേജ് ബ്ലോക്ക് നമ്പർ 7 ൽ ഉൾപ്പെട്ട 0.0711 ഹെക്ടർ സ്ഥലവും ഉൾപ്പെടെ ആകെ 0.64941 ശക്ത സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. റാന്നി വില്ലേജിൽ 132 വസ്തു ഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കാനുള്ളത്. ഇവയിൽ 51 എണ്ണം നിലമാണ്. 81 എണ്ണം പുരയിടവുമായാണ് റവന്യൂവിൽ  രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങാടി പഞ്ചായത്തിൽ 20 ഉടമകളിൽ നിന്നും വസ്തു ഏറ്റെടുക്കേണ്ടതുണ്ട്. ഇവയെല്ലാം കര ഭൂമിയാണ്.
       വസ്തു ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ട് വേണം ഇതിലെ സാധനങ്ങൾ എത്തിച്ച് നദിയിലെ പാലം പണിയുടെ ബാക്കി ഭാഗങ്ങൾ പൂർത്തീകരിക്കാൻ. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാൻ വൈകിയതാണ് പാലം നിർമാണവും വൈകാൻ കാരണമായത്. ആകെ 26 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top