26 April Friday

മൃഗശാലയിലെ ക്ഷയബാധ; ആശങ്ക വേണ്ട, മുൻകരുതൽ നടപടികളുമായി അധികൃതർ

സ്വന്തം ലേഖകൻUpdated: Tuesday Jan 24, 2023

tb-outbreak-in-thiruvananthapuram-zoo

തിരുവനന്തപുരം> മൃ​ഗശാലയിൽ ക്ഷയം ബാധിച്ച് പുള്ളിമാനുകളും കൃഷ്ണമൃ​ഗവും ചത്ത സാഹചര്യത്തിൽ മുൻകരുതലുമായി അധികൃതർ. കൂടുതൽ മൃ​ഗങ്ങളിലേക്ക് രോ​ഗം പടരാതിരിക്കാൻ രോ​ഗബാധ കണ്ടെത്തിയ മാനുകളെ പ്രത്യേക കൂട്ടിലേക്ക് മാറ്റി. സാഹചര്യം നേരിട്ടു വിലയിരുത്താനും സൗകര്യങ്ങൾ പരിശോധിക്കാനും തിങ്കൾ പകൽ മൂന്നിന് മന്ത്രി ജെ ചിഞ്ചുറാണി മൃ​ഗശാലയിലെത്തി. 
 
മൃ​ഗശാല ഡയറക്ടർ എസ് അബുവിനോട് മന്ത്രി റിപ്പോർട്ട് തേടി. മൃ​ഗങ്ങളെ പരിപാലിക്കുന്ന ജീവനക്കാരുടെ ആരോ​ഗ്യപരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് (സിയാഡ്) നടത്തിയ പരിശോധനയുടെ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ വരും. ശേഷം തുടർനടപടിയെടുക്കും. രോഗമുള്ള മൃഗങ്ങളുമായി ഇടപെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ജീവനക്കാർക്ക്‌ ബോധവൽക്കരണം നൽകും. 
ജീവനക്കാർക്ക് മതിയായ സുരക്ഷാസംവിധാനം ഒരുക്കണമെന്നും മന്ത്രി നിർദേശം നൽകി. മൃഗശാലയിൽ ഏപ്രിൽ മുതൽ ജനുവരി 21 വരെ 37 കൃഷ്മമൃ​ഗങ്ങളും 16 പുള്ളിമാനുകളും ചത്തുവെന്നാണ് റിപ്പോർട്ട്. ജില്ലാ ടി ബി ഓഫീസറും മൃ​ഗശാലയിലെത്തി പരിശോധന നടത്തിയിരുന്നു.
 
സന്ദർശകർക്ക് വിലക്കില്ല
 
മനുഷ്യരിലേക്ക്‌ രോഗം പകരാനുള്ള സാധ്യത കുറവാണെന്നും സന്ദർശകരെ നിയന്ത്രിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി. രാജ്യത്ത് പല മൃഗശാലകളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രോഗബാധിതരായ മൃഗങ്ങൾക്ക് തണുപ്പും മഴയും ഉള്ള കാലാവസ്ഥ അതിജീവിക്കാൻ ബുദ്ധിമുട്ടായതിനാലാണ് മരണസംഖ്യ കൂടുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top