26 April Friday

ഇറ്റ്‌ഫോക്കിൽ കാണാം ഓപ്പറേയുടെ സൗന്ദര്യം

സ്വന്തം ലേഖികUpdated: Monday Jan 23, 2023

ഓപ്പറേയുടെ പോസ്റ്റർ

തൃശൂർ

നമ്മുടെ നാട്ടിൽ സിനിമയിൽ മാത്രം കണ്ട്‌ പരിചയമുള്ള  ഓപ്പറേ കാണാം ഇറ്റ്‌ഫോക്കിൽ. ഭാവാഭിനയത്തിന്റെ തായ്‌വാനീസ്  ഓപ്പറേ നാടകം "ഹീറോ ബ്യൂട്ടി'യാണ്‌    അരങ്ങേറുക. 94 വർഷത്തോളം പാരമ്പര്യമുള്ള തായ്‌വാനിലെ മിങ്‌ ഹ്വാ യുവാൻ ആർട്സ് ആൻഡ്‌ കൾച്ചർ ഗ്രൂപ്പിലെ 40ഓളം കലാകാരന്മാരാണ്  ഇന്ത്യൻ നാടക ആസ്വാദകരെ ത്രസിപ്പിക്കാൻ ഇറ്റ്ഫോക്കിൽ എത്തുന്നത്. 1929 ലാണ്  ഈ സംഘം പ്രവർത്തനം ആരംഭിച്ചത്. ചൈനീസ് സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽനിന്ന് വികസിച്ച  പുതിയ കലാരൂപമാണ് "തായ്‌വാനീസ് ഗാന നാടകം' എന്ന് അർഥമുള്ള  തായ്‌വാനീസ് ഓപ്പറേ. 23 രാജ്യങ്ങളിൽ മിങ്‌ ഹ്വാ യുവാൻ ആർട്സ് ആൻഡ്‌ കൾച്ചർ ഗ്രൂപ്പ്  ഓപ്പറേ അവതരിപ്പിച്ചിട്ടുണ്ട്‌. ഫാൾസെറ്റോ സാങ്കേതികത ആവശ്യമുള്ള മറ്റ് പരമ്പരാഗത ഓപ്പറേകളിൽനിന്ന് വ്യത്യസ്തമായി  ‘ഹീറോ ബ്യൂട്ടി’ സംഭാഷണങ്ങൾക്കും പാട്ടുകൾക്കും അഭിനേതാക്കളുടെ സ്വാഭാവിക ശബ്ദത്തിനുമാണ്  പ്രാധാന്യം നൽകുന്നത്. 2008 ലെ ആദ്യ ഇറ്റ്ഫോക്കിൽ ചൈനീസ് ഓപ്പറേ തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിനുമുന്നിലെ പ്രത്യേക പന്തലിൽ അരങ്ങേറിയിരുന്നു. ഫെബ്രുവരി ആറിന്‌ രാത്രി 8.45നാണ്‌ "ഹീറോ ബ്യൂട്ടി' സംഗീത നാടക അക്കാദമിയിൽ "ഫഓസ്‌ പ്ലേ ഹൗസ്' വേദിയിൽ അരങ്ങേറുക. പാട്ടുകാരും മറ്റു സംഗീതജ്ഞരും നാടകരൂപത്തിൽ സംഗീതം അവതരിപ്പിക്കുന്ന കലാരൂപമാണ് ഓപ്പറേ. ഇത് പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ മറ്റൊരു ശൈലിയാണ്. സംഗീതത്തോടൊപ്പം തന്നെ അഭിനയം, പശ്ചാത്തലം, വേഷവിധാനങ്ങൾ, നൃത്തം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരി അഞ്ചിന്‌ രാത്രി ഒമ്പതിന്‌  പാലസ്‌ ഗ്രൗണ്ടിലെ പവിലിയൻ തിയറ്ററിൽ ഇന്ത്യയിലെ ഫ്യൂഷൻ റോക്ക്‌ സംഗീതത്തിന്റെ വഴികാട്ടികളായ ‘ഇന്ത്യൻ ഓഷ്യൻ’ ബാൻഡിന്റെ സംഗീതത്തോടെയാണ്‌  ഇറ്റ്‌ഹോക്കിന്‌ തുടക്കമാവുക.  14ന്‌ രാത്രി 8.45ന്‌ പവിലിയൻ തിയറ്ററിൽ ‘മംഗാനിയാർ സെഡക്ഷ’നോടെ  ഇറ്റ്‌ഫോക്ക്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top