27 April Saturday

ഉദുമയ്‌ക്കായി കോൺഗ്രസിൽ പോര്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
കാസർകോട്‌
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ സീറ്റിനായി കോൺഗ്രസിൽ പിടിവലി. ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്‌ണൻ പെരിയ, കെ നീലകണ്ഠൻ എന്നിവരാണ്‌ സീറ്റിനായി ശ്രമിക്കുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നെത്തിയ കെ സുധാകരൻ എൽഡിഎഫിലെ കെ കുഞ്ഞിരാമനോട്‌ തോറ്റയിടത്താണ്‌ തെരഞ്ഞെടുപ്പ്‌ അടുക്കവേ നേതാക്കളുടെ മത്സരം. ഐ ഗ്രൂപ്പ്‌ മത്സരിക്കുന്ന മണ്ഡലമാണിത്‌. മണ്ഡലത്തിൽ താമസിക്കുന്ന ഹക്കീമും ബാലകൃഷ്‌ണനും എ ഗ്രൂപ്പുകാരാണ്‌. കാസർകോട്‌ മണ്ഡലത്തിൽ താമസിക്കുന്ന കെ നീലകണ്‌ഠൻ ഐ ഗ്രൂപ്പുകാരൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ  സീറ്റിൽ ജില്ലയിൽ ബിജെപിക്ക്‌ പിന്നിൽ കോൺഗ്രസ്‌ നാലാമതായെന്ന് ചുണ്ടിക്കാട്ടി ഹക്കീമിനെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസി ജനറൽ സെക്രട്ടറി താരീഖ്‌ അൻവറിന്‌ അയച്ച കത്തിൽ ഒപ്പിട്ടവരാണ്‌ ബാലകൃഷ്‌ണനും നീലകണ്‌ഠനും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പിന്തുണയോടെയാണ്‌ കത്തെന്ന്‌ ഹക്കിമിന്റെ കൂടെയുള്ളവർ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റ്‌ മാറ്റം നടക്കില്ലെന്ന്‌ തിരിച്ചറിഞ്ഞ നേതാക്കൾ ഉദുമ സീറ്റ്‌ നേടാനാണ്‌ പോര്‌ തുടങ്ങിയത്‌.    
ലോകസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിൽ യുഡിഎഫിനുണ്ടായ മേൽക്കൈ ചൂണ്ടിക്കാട്ടിയാണ്‌ നേതാക്കളുടെ വിലപേശൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു ആധിപത്യം. ഡിസിസി പ്രസിഡന്റായത്‌ മുതൽ ഹക്കീമിനെ അംഗീകരിക്കാതെ പ്രവർത്തിക്കുന്നവരാണ്‌ എ, ഐ ഗ്രൂപ്പിലെ പല നേതാക്കളും. ഉദുമയിലെ സ്ഥാനാർഥിത്വത്തിനും ഇവരുടെ പിന്തുണയില്ല. സ്വന്തം നാടായ ഉദുമയിൽ മത്സരിച്ചാൽ വിജയ പ്രതീക്ഷയുണ്ടന്നാണ്‌ ഹക്കീം നേതൃത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. 
പ്രചാരണ കമ്മിറ്റി അധ്യക്ഷനായി ഹൈക്കമാൻഡ്‌ നിയോഗിച്ച ഉമ്മൻചാണ്ടിയുടെ പിന്തുണ ലഭിക്കുമെന്ന്‌ ഹക്കീം പ്രതീക്ഷിക്കുന്നു. ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരമാണ്‌ ഹക്കീമിനെ ഡിസിസി പ്രസിഡന്റായി ഹൈക്കമാൻഡ്‌ നിയോഗിച്ചത്‌. കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ടാണ്‌ ബാലകൃഷ്‌ണന്റെ ശ്രമം. 
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു. സ്വന്തം നാടായ പെരിയയിൽ രണ്ട്‌ കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവവും സീറ്റിനായുള്ള വാദത്തിൽ ഉയർത്തുന്നുണ്ട്‌. ഐ ഗ്രൂപ്പിന്റെ സീറ്റാണെന്ന ശക്തമായ വാദമാണ്‌ നീലകണ്‌ഠൻ ഉയർത്തുന്നത്‌. ഐ ഗ്രൂപ്പിന്‌ അവകാശപ്പെട്ട ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഹക്കീമിനെ നാമനിർദേശം ചെയ്‌തതോടെ വലിയ നഷ്ടമുണ്ടായത്‌ നീലകണ്‌ഠനാണ്‌. ഗ്രൂപ്പടിസ്ഥാനത്തിൽ വീതംവെച്ചിരുന്നുവെങ്കിൽ നീലകണ്‌ഠൻ പ്രസിഡന്റാകുമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top