27 April Saturday

താണ്ടിയതെത്ര 
സമർപ്പിത പാതകൾ

പി എ സജീഷ്‌Updated: Wednesday Sep 22, 2021

ആലിയാമിന്റെകത്ത് മുഹമ്മദലി ദേശാഭിമാനി വായനയിൽ

 
 
 
പൊന്നാനി
പതിനാറ്‌ കിലോമീറ്റർ നടന്ന്‌  ‘ദേശാഭിമാനി’  വിതരണംചെയ്‌ത നാളുകൾ ഓർക്കുമ്പോൾ പാലപ്പെട്ടി ആലിയാമിന്റെകത്ത് മുഹമ്മദലിക്ക്‌ ഇന്നും ആവേശം. അറുപത്തിയേഴ് വർഷം മുമ്പാണ്‌ പത്രം ആളുകളിലെത്തിക്കാനുള്ള ആ വലിയ പ്രയത്‌നം. 
‘രാവിലെ വീട്ടിൽനിന്ന്‌ ഇറങ്ങിയാൽ തിരിച്ചെത്തുന്നത്‌ ഏറെ വൈകി. കൈയിൽ കിട്ടുന്നത്‌ വിശപ്പടക്കാനുള്ള നാലണമാത്രം. എങ്കിലും ഒരിക്കൽപോലും വിതരണം മുടക്കിയില്ല’–- മുഹമ്മദലി പറഞ്ഞു. 
പൊന്നാനി ചാണാ റോഡിലായിരുന്നു സിപിഐ എം പൊന്നാനി താലൂക്ക് കമ്മിറ്റി ഓഫീസ്‌. അവിടെനിന്ന്‌ 20 ‘ദേശാഭിമാനി’ പുതുപൊന്നാനി മുതൽ എടക്കഴിയൂർ വരെയാണ്‌ വിതരണം. മുഹമ്മദലിയുടെ സഹോദരനും പ്രകാശ്‌ ബീഡി കമ്പനി നടത്തിപ്പുകാരനുമായ അഹമ്മദായിരുന്നു ഏജന്റ്‌. സഹോദരൻ ആവശ്യപ്പെട്ടപ്പോൾ മുഹമ്മദലി വിതരണം ഏറ്റെടുത്തു. രാവിലെ എട്ടിന്‌ വീട്ടിൽനിന്ന് ഇറങ്ങും. രാവിലെ പത്തോടെ പത്രം പാർടി ഓഫീസിലെത്തും.  അന്ന് പുതുപൊന്നാനി പാലവും റോഡും ഇല്ല. പൂഴിമണലിൽ സൈക്കിൾയാത്രയും പ്രയാസം. അങ്ങനെയാണ്‌ നടത്തം തുടങ്ങിയത്‌. തിരിച്ച് വീട്ടിലെത്തുമ്പോൾ പകൽ മൂന്ന് കഴിയും. ഭക്ഷണത്തിന്‌ സഹോദരൻ നാലണ നൽകും. ഒന്നരവർഷം മുടങ്ങാതെ പത്രമെത്തിച്ചു.  
ചായക്കട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ‘ദേശാഭിമാനി’ ആരെങ്കിലും ഉച്ചത്തിൽ വായിക്കുന്നതും കേട്ടിരിക്കുന്ന ആൾക്കൂട്ടവും മുഹമ്മദലിയുടെ മനസ്സിൽ മായാതെയുണ്ട്‌. പത്രം വായിക്കാൻ ബീഡി കമ്പനിയിൽ എത്തുന്ന അപ്പുമരക്കാനും പാലപ്പെട്ടിക്കാരൻ അടിമുക്ക ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളും അന്നത്തെ കാഴ്‌ചകളായിരുന്നു. പിന്നീട്‌ വന്നേരി സ്കൂൾ വന്നതോടെ മുഹമ്മദലി പാതി നിലച്ച പഠനം തുടർന്നു. പത്രവിതരണ ചുമതല വെളിയങ്കോടുള്ള ഒരാൾക്ക്‌ കൈമാറി. ‘ദേശാഭിമാനി’ ജീവവായുവാണ് ഈ എൺപത്തിമൂന്നുകാരന്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top