04 May Saturday

വർഗീയ വിപത്തിനെതിരെ നാടുണർത്തി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019
കണ്ണൂർ
വർഗീയതയുടെ വിപത്തുകളെക്കുറിച്ച‌് ആയിരങ്ങളുമായി സംവദിച്ചും നാടിന്റെ മാറ്റം വിശദീകരിച്ചും  ജനനായകൻ. ധർമടം മണ്ഡലത്തിലെ നാല‌് എൽഡിഎഫ‌് കുടുംബസംഗമങ്ങളിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ  തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അധ്യാപകനെപ്പോലെ  ജനങ്ങളെ പറഞ്ഞുമനസ്സിലാക്കി. നാടിന്റെ വികസനത്തിനായും പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനായും എൽഡിഎഫ‌് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ  ചെറിയ വാക്കുകളിൽ വിശദീകരിച്ച അദ്ദേഹം രാജ്യത്ത‌് വർഗീയത ഉയർത്തുന്ന വെല്ലുവിളിയുടെ ഭീകരത എത്രയെന്ന‌് വരച്ചുവയ‌്ക്കുകയായിരുന്നു ഒരുമണിക്കൂർ നീളുന്ന പ്രസംഗങ്ങളിൽ. 
കഴിഞ്ഞ അഞ്ചുവർഷം ബിജെപി സർക്കാർ നേതൃത്വത്തിൽ രാജ്യത്ത‌് നടന്ന ജനദ്രോഹനടപടികൾ അക്കമിട്ട‌് അവതരിപ്പിച്ച മുഖ്യമന്ത്രി ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെത്രയെന്ന‌് ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു. എല്ലാ മേഖലയിലുള്ളവരും ബിജെപി ഇനിയും അധികാരത്തിൽ വരുന്നത‌് ആപത്താണെന്ന‌് ചിന്തിക്കുന്നതെന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മതനിരപേക്ഷമായി രാജ്യത്തെ നിലനിർത്തുന്ന ഭരണഘടനയെപ്പോലും സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുന്നതിന്റെ ആകുലതകളും അദ്ദേഹം പങ്കുവച്ചു.  
ഒരേ നയങ്ങൾ പിന്തുടരുന്നവരാണ‌് കോൺഗ്രസും ബിജെപിയും. സാമ്പത്തിക നയങ്ങളിലടക്കം ഒരേ രീതിയുള്ളവർ.  ഭക്ഷണത്തിന്റെ പേരിൽ രാജ്യത്ത‌് കൊല നടക്കുന്നു. ഇതിനെതിരെ  നിലപാടെടുക്കേണ്ട കേന്ദ്രസർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷണം നൽകുകയുമാണ‌് ചെയ്യുന്നത‌്. കോൺഗ്രസ‌് ഇക്കാര്യത്തിലടക്കം സ്വീകരിച്ച നിലപാടുകൾ അദ്ദേഹം തുറന്നുകാട്ടി. 
ബിജെപിയുടെ റിക്രൂട്ടിങ‌് ഏജൻസിയായി കോൺഗ്രസ‌് മാറുന്നത‌് മറ്റ‌് സംസ്ഥാനങ്ങളിലെ മന്ത്രിസഭാ രൂപീകരണങ്ങളുടെ കണക്കുകൾ വച്ചാണ‌് അദ്ദേഹം ജനങ്ങളോട‌് പറഞ്ഞത‌്. കേരളത്തിൽനിന്നടക്കം കോൺഗ്രസിൽനിന്ന‌് ബിജപിയിലേക്ക‌് നേതാക്കൾ പോയിക്കൊണ്ടിരിക്കുന്നു. ‘‘ഒരു ഉയർന്ന നേതാവ‌് പോയി. സ്ഥിരീകരണം വന്നില്ലെങ്കിലും പോയി എന്ന‌് ഉറപ്പായിരുന്നു. പലവിധ വാഗ‌്ദാനങ്ങൾ നൽകിയാണ‌് തിരിച്ചെത്തിച്ചത‌്. വാഗ‌്ദാനം ചെയ‌്തത‌് എന്തൊക്കെയായിരുന്നുവെന്നത‌് പിന്നീട‌് ജനങ്ങൾക്ക‌് ബോധ്യമായി. കോൺഗ്രസിനുവേണ്ട ഗുണങ്ങളോടെ അത്തരക്കാരെ പിന്നീട‌് കാണാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. 
വിവിധ കുടുംബസംഗമങ്ങളിൽ കെ കെ രാഗേഷ‌് എംപി, സി എൻ ചന്ദ്രൻ, എൽഡിഎഫ‌് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർ എന്നിവർ സംസാരിച്ചു.   അഞ്ചരക്കണ്ടി ഇസ‌്റ്റ‌് കുടുംബസംഗമം കുഴിമ്പാലോട‌ാണ‌് നടന്നത‌്. കെ സജീവൻ അധ്യക്ഷനായി. കെ രജിൻ സ്വാഗതം പറഞ്ഞു.  കക്കോത്ത‌് മിനി സ‌്റ്റേഡിയത്തിൽ നടന്ന  ഇരിവേരി ലോക്കൽ കുടുംബസംഗമത്തിൽ എം സി മോഹനൻ സ്വാഗതം പറഞ്ഞു. പി പി നാരായണൻ അധ്യക്ഷനായി. 
മാവിലായി ലോക്കൽ കുടുംബസംഗമം മൂന്നുപെരിയയിലാണ‌് നടന്നത‌്. കെ വി നിധീഷ‌് സ്വാഗതം പറഞ്ഞു. കെ രമേശൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ‌് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. പാതിരിയാട‌് ലോക്കൽ കുടുംബസംഗമത്തിൽ തുണ്ടിക്കണ്ടി ഭാസ‌്കരൻ അധ്യക്ഷനായി. 
വി വിജയകുമാർ സ്വാഗതം 
പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top