26 April Friday

തെളിമ + കുളിർമ = 
പ്ലാക്കാട്ടു‌കുളം

സ്വന്തം ലേഖകൻUpdated: Monday Feb 22, 2021

ചരിത്രപ്രാധാന്യമുളള പ്ലാക്കാട്ടുകുളം  നവീകരണത്തിന്റെ പാതയില്‍.

ചവറ
വെള്ളം കാണാനാകാത്ത വിധം നിറഞ്ഞ പായലായിരുന്നു അന്നത്തെ അടയാളം. തെളിമയും കുളിർമയും പുഞ്ചിരിതൂകി പുൽകിത്തലോടുകയാണ്‌ ഇന്നിവിടെ. പന്മനയിലെ പ്ലാക്കാട്ടു‌കുളമാണ്‌ തെളിനീരുമായി പുതുജീവിതത്തിലേക്ക്‌ ഒഴുകിയടുക്കുന്നത്‌.
പന്മന മനയില്‍ ശ്രീ ബാലട്ടാരക വിലാസം സംസ്‌കൃത സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ്‌ പ്ലാക്കാട്ടുകുളം. ഈ ജലാശയം വർഷങ്ങൾക്കുശേഷമാണ്‌ പ്രദേശവാസികള്‍ക്ക് തെളിനീർ നൽകാൻ ഒരുങ്ങുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ നിറഞ്ഞതോടെയാണ്‌ കുളം നാശത്തിന്റെ വക്കിലായത്‌. നവീകരണത്തിന്‌ വളരെ മുമ്പുതന്നെ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തടസ്സങ്ങൾ തുടർക്കഥ ആയപ്പോൾ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ ജലാശയത്തെ സംരക്ഷിക്കണ ആവശ്യവുമായും രംഗത്തുവന്നു. 
എൻ വിജയൻപിള്ള എംഎൽഎയും 2015–-2020 കാലത്തെ പഞ്ചായത്ത് ഭരണസമിതിയും മുൻ വാർഡ്‌ അംഗം അഹമ്മദ് മൻസൂറും മനയിൽ എൻഎസ്എസ് കരയോഗവും നടത്തിയ നിരന്തര പരിശ്രമ ഫലമായാണ് പ്ലാക്കാട്ടുകുളത്തിന്റെ നവീകരണം സാധ്യമായത്.
നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽനിന്ന്‌ അനുവദിച്ച 56 ലക്ഷം ഉപയോഗിച്ചാണ് കുളത്തിന്റെ ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല.
കുളത്തിലെ ചെളി നീക്കുകയും ആഴംകൂട്ടുകയും ചെയ്‌തു. ചുറ്റും പാറ കെട്ടി സംരക്ഷിച്ചിരിക്കുന്ന കുളത്തിനു ചുറ്റും ഇന്റര്‍ലോക്ക്‌ വിരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്‌.
 പ്ലാക്കാട്ടുകുളം വേനല്‍ക്കാലത്തും സമൃദ്ധമായതിനാൽ സമീപത്തെ വീടുകളിലെ കിണറുകളും വറ്റില്ല. ക്ഷേത്ര പ്രവേശന വിളംബരത്തിനു മുമ്പ് അവർണർക്കൊപ്പം കുളത്തിലിറങ്ങി കുമ്പളത്ത് ശങ്കുപ്പിള്ള നീരാട്ട് നടത്തിയ കുളി വിപ്ലവത്തിന് വേദിയായ ചരിത്രമാണ് പ്ലാക്കാട്ട്‌ കുളത്തിന്റേത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top