26 April Friday

കുങ്കിച്ചിറയെ സുന്ദരിയാക്കി പൈതൃക മ്യൂസിയവും

സ്വന്തം ലേഖകൻUpdated: Wednesday Oct 20, 2021
പനമരം
 ചരിത്രം തുടിക്കുന്ന  കുങ്കിച്ചിറയും സമീപ തീരത്തെ  പൈതൃക മ്യൂസിയവും സന്ദർശകർക്കായി ഒരുങ്ങുന്നു. വയനാടിന്റെ ചരിത്രശേഷിപ്പുകളെ തുറന്ന് കാണിക്കാനാണ് മലബാറിലെ തന്നെ പ്രധാന പൈതൃക മ്യൂസിയമായി കുങ്കിച്ചിറയെ ഒരുക്കുന്നത്. 
   എട്ട് നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രമുണ്ട്‌ കുങ്കിച്ചിറക്ക്‌. പ്രദേശത്തെ നാടുവാഴിയുടെ വീരശൂര പരാക്രമിയായ മകൾ കുങ്കിക്ക് വേണ്ടി നിർമിച്ച കുളമാണ് പിൽക്കാലത്ത് കുങ്കിച്ചിറയായി  അറിയപ്പെട്ടത് എന്നാണ് വാമൊഴി.  ഏറെ നാളത്തെ വിമർശനങ്ങൾക്കൊടുവിലാണ്‌  തൊണ്ടർനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കുങ്കിച്ചിറയും പൈതൃക മ്യൂസിയവും കേരളചരിത്രത്തിന്റെ ഭൂപടത്തിൽ ഇടം പിടിക്കാൻ തയ്യാറെടുക്കുന്നത്‌. 
    ചിറയോട് ചേർന്ന് സൗന്ദര്യവൽക്കരിക്കാനും സന്ദർശകർക്ക് സുരക്ഷക്കായുള്ള  പ്രവർത്തനങ്ങളും കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കേരള മ്യൂസിയം, മൃഗശാല വകുപ്പിന്റെ കീഴിലുള്ള പൈതൃക മ്യൂസിയം അവസാനഘട്ട ഒരുക്കത്തിലാണ്.  അഞ്ചു കോടി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് 17000 ചതുരശ്ര അടി വിസ്തൃതിയിൽ മ്യൂസിയം കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ത്രീഡി തിയറ്റർ രീതിയിൽ ഒരു ലിവിങ് മ്യൂസിയമായാണ്‌ കുങ്കിച്ചിറ പൈതൃക മ്യൂസിയം പ്രദർശനത്തിനൊരുങ്ങുന്നത്.  കൂടാതെ മ്യൂസിയത്തിന്റെ താഴെ നിലയിൽ നിന്നും ഒന്നാം നിലയിലേക്ക് എത്താൻ ലിഫ്റ്റും ഒരുക്കുന്നുണ്ട്. ഇനി മ്യൂസിയത്തിന്റെ പ്രദർശനം കൂടി സജ്ജീകരിച്ചാൽ കുങ്കിച്ചിറ സന്ദർശകർക്കായി തുറന്നുകൊടുക്കാം.  മ്യൂസിയത്തിന്റെ പ്രദർശന സജ്ജീകരണത്തിനായി കേരള പൈതൃക മ്യൂസിയം എന്ന സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അതിന്റെ ഭാഗമായി കേരള പൈതൃക മ്യൂസിയം ഏജൻസി തയ്യാറാക്കിയ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്. ഇനി സർക്കാരിൽ നിന്ന് അനുമതി കിട്ടിയാലുടൻ  തന്നെ പ്രദർശനത്തിനു വേണ്ടിയുള്ള സജ്ജീകരണം നടത്തുകയും മ്യൂസിയം തുറന്നു കൊടുക്കും. ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top