27 April Saturday

മണ്ണിടിച്ചിലിൽ വിറച്ച്‌ മലയോരം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

അത്തിയടുക്കത്ത് റോഡിന്റെ ഒരുഭാഗം മണ്ണിടിഞ്ഞ് തകർന്ന നിലയിൽ

വെള്ളരിക്കുണ്ട്   
കാലവർഷം തുടങ്ങുന്നതിന് മുന്നേ മലയോരത്ത് മണ്ണിടിച്ചിൽ ഭീഷണി. കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിൽ ശക്തമായ മണ്ണിടിച്ചലും വെള്ളച്ചാട്ടവുമാണ് ഈസ്റ്റ് എളേരിയിലെ അതിർത്തി ഗ്രാമമായ തയ്യേനി വായിക്കാനത്ത് ഉണ്ടായത്. 
വായിക്കാനത്തെ ഷാജി കാണിയറ, സതീശൻ കാണിയറ എന്നിവരുടെ വീട്‌ കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ച് തകർന്നു. തായലെ വായിക്കാനത്തെ കടപ്രയിൽ ബെന്നിയുടെ വീട്ടിലേക്കും മണ്ണും കല്ലും ഇരച്ചെത്തി. വായിക്കാനം അങ്കണവാടി - വായിക്കാനം സങ്കേതം റോഡ് പൂർണമായം കുത്തിയൊലിച്ചുപോയി. കുടിവെള്ള സംവിധാനം തകർന്നു. വൈദ്യുതി തൂൺ തകർന്ന് വൈദ്യുതി നിലച്ചു. വീടുകൾ  നവീകരിച്ചതിനാലാണ് അപകടം ഒഴിവായത്. ചെങ്കല്ലിൽ പണിത ഭിത്തികൾ ഒലിച്ചെത്തിയ മണ്ണും കല്ലും തടയുകയായിരുന്നു. വാതിലുകൾ തകർത്താണ് വീട്ടിലേക്ക് മണ്ണും കല്ലും ഒലിച്ചെത്തിയത്. തയ്യേനി അത്തിയടുക്കം റോഡിലും വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായി. അത്തിയടുക്കത്ത് റോഡിന്റെ ഒരുവശം ടാറിങ്ങോട് ചേർന്ന് കുത്തിയൊലിച്ചുപോയി.
 
കാരണം കണ്ടെത്തണം 
അഞ്ച് വർഷത്തിനുള്ളിലാണ് മലയോരത്ത് മണ്ണിടിച്ചിൽ വ്യാപകമായത്. എന്താണ്  ഇതിന്‌ ഈ പ്രതിഭാസത്തിന് കാരണമെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. നേരത്തെ ഉരുൾപൊട്ടലായിരുന്നു ഭീഷണി. രണ്ടുവർഷം തുടർച്ചയായാണ് കുന്നുംകൈ ടൗണിനെ മൂടിയ മണ്ണിടിച്ചലുണ്ടായത്‌. നീലേശ്വരം - ഭീമനടി റോഡിൽ ചെമ്പൻകുന്നിൽ മണ്ണിടിഞ്ഞു. ഗോക്കടവിൽ രാത്രിയിൽ പ്രവാസിയുടെ ഇരുനില വീട് പൂർണമായും മണ്ണിനടിയിലേക്ക് താഴ്‌ന്നു. വീട്ടിൽ ആരുമില്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. അത്തിയടുക്കം, വായിക്കാന., തയ്യേനി, മുട്ടോംകടവ്, അതിരുമാവ്, കോട്ടഞ്ചേരി, പാമത്തട്ട്, മൈക്കയം, അശോകച്ചാൽ, മഞ്ചുച്ചാൽ, പുല്ലൊടി, പുഞ്ച, ദർഘാസ്, വള്ളിക്കൊച്ചി, കുന്നുംകൈ, ചെമ്പൻകുന്ന്, പാങ്കയം, ഗോക്കടവ്, നമ്പ്യാർമല, എടക്കാനം, കോട്ടക്കുന്ന്, ആനക്കല്ല്, പന്നിത്തടം തുടങ്ങിയ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത്, ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ, എൻ വി ശിവദാസൻ, തഹസിൽദാർ ചുമതലയുള്ള പി പ്രമോദ്, ട്രൈബൽ ഓഫീസർ എ ബാബു എന്നിവർ സന്ദർശിച്ചു  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top